കൊച്ചി: എറണാകുളം കോട്ടയം ജില്ലകളിലെ നാല് ക്വാറികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 250 കോടിയുടെ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും കണ്ടെത്തി. റെയ്ഡിനിടെ കള്ളപ്പണ കണക്കുകൾ സൂക്ഷിച്ച പെൻഡ്രൈവുകൾ ടോയ്ലെറ്റിലും കാട്ടിലുമെറിഞ്ഞ് നശിപ്പിക്കാനും ശ്രമം നടന്നു. മുൻ മന്ത്രി ടി.യു കുരുവിളയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, ഐ.എൻ.ടി.യു.സി നേതാവ് പി.ടി പോൾ എന്നിവർക്കുംക്വാറി ഉടമകളുമായി വൻ സാമ്പത്തിക ഇടപാടുണ്ടെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.
നാല് ക്വാറികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയാണ്. 250 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കള്ളപ്പണ-ബിനാമി ഇടപാടുകളും വലിയ നിക്ഷേപങ്ങളുമാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്സ്, മൂവാറ്റുപുഴയിലെ ലക്ഷ്വറി ഗ്രാനൈറ്റ്സ്, നെടുങ്കുന്നത്തെ റോയൽ ഗ്രാനൈറ്റ്സ്, കോതമംഗലത്തെ റോയി തണ്ണിക്കോട് എന്നീ സ്ഥാപനങ്ങളിലും ഉടമകളുടെവീടുകളിലുമാണ് റെയ്ഡ് നടന്നത്.
റെയ്ഡിനിടെ കണക്കുകൾ സൂക്ഷിച്ച പെൻഡ്രൈവുകൾ ക്വാറി ജീവനക്കാർ നശിപ്പിക്കാനും ശ്രമിച്ചു. ഇലഞ്ഞിയിലുള്ള ലക്ഷ്വറി ഗ്രാനൈറ്റിന്റെ ക്വാറിയിൽ നിന്നാണ് അവരുടെ കണക്കുകൾ അടങ്ങിയ പെൻഡ്രൈവ് കാട്ടിലേക്ക് എറിഞ്ഞുകളയാൻ ശ്രമിച്ചത്. ഇത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രയാസപ്പെട്ട് കണ്ടെടുത്തു. റോയൽ ഗ്രാനൈറ്റ്സിലും സമാനമായ സംഭവമുണ്ടായി. ഇവരുടെ കണക്കുകൾ ടോയ്ലെറ്റിലേക്ക് എറിഞ്ഞുകളയാനാണ് ശ്രമം നടന്നത്. ഇവിടെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന ടോറസ് ലോറിയിൽ പ്രത്യക അറയുണ്ടാക്കിയാണ് ഇവർ കണക്കിൽപ്പെടാത്ത പണവും മറ്റും സൂക്ഷിച്ചിരുന്നത്. ഏതാണ്ട് രണ്ടുകോടിയോളം രൂപയാണ് ഉദ്യോഗസ്ഥർ പണമായി കണ്ടെത്തിയത്.
ഈ ക്വാറികളുടെ രാഷ്ട്രീയ ബന്ധവും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അംഗമാലിയിലെ കോൺഗ്രസ് നേതാവായ പി.ടി. പോൾ, മൂവാറ്റുപഴയിലെ മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു കുരുവിള എന്നിവരും ക്വാറി ഉടമകളുമായുള്ള വൻ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ക്വാറി ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതൽ രാഷ്ട്രീയ നേതാക്കൾ കുടുങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്നറെയ്ഡ് ഇപ്പോഴും തുടരുകയാണ്.
Content Highlights: raid in four quarries revealed tax evasion and money laundering