പാരിസ്: ഗൂഗിളിനും ഫെയ്സ്ബുക്കിനും വൻതുക പിഴയിട്ട് ഫ്രാൻസ്. 15 കോടി യൂറോയാണ് ഗൂഗിളിനും 6 കോടി യൂറോ ഫെയ്സ്ബുക്കിനും പിഴയിട്ടു. ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീർണമാക്കിയതിനെ തുടർന്നാണ് നടപടി.
ഗൂഗിളിൽ എന്തെങ്കിലും തിരഞ്ഞാലോ ആമസോണിൽ എന്തെങ്കിലും തിരഞ്ഞാലോ പിന്നീട് വെബ്സൈറ്റുകളിലെല്ലാം അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് അവയുമായി ബന്ധപ്പെട്ട കുക്കീസ് പ്രചരിപ്പിച്ചതിനെ തുടർന്നാണ്.
ഇത് വ്യക്തി സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഒരാളുടെ സെർച്ചുമായി ബന്ധപ്പെട്ട് കുക്കീസ് ഉപയോഗിക്കുന്നതിന് അവരിൽ നിന്ന് മുൻകൂർ സമ്മതം വാങ്ങണമെന്നാണ് യൂറോപ്പിലെ സ്വകാര്യതാ നിയമം പറയുന്നത്. ഫ്രാൻസിലെ സ്വകാര്യതാ പാലന ഏജൻസിയായ സി.എൻ.ഐ.എലും(CNIL) ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കുക്കീസിന് അനുമതി നൽകുന്ന പ്രക്രിയ ഒറ്റ ക്ലിക്കിൽ എളുപ്പമാക്കുകയും അത് വേണ്ടെന്ന് വെക്കുന്ന പ്രക്രിയ സങ്കീർണമാക്കുകയും ചെയ്തതാണ് അധികൃതരെ ചൊടിപ്പിച്ചത്. ഫേസ്ബുക്ക്, ഗൂഗിൾ, യൂട്യൂബ് പോലുള്ള വെബ്സൈറ്റുകളിലെ കുക്കീസ് വേണ്ടെന്ന് വെക്കുന്ന പ്രക്രിയ സങ്കീർണമാണെന്ന് സി.എൻ.ഐ.എൽ. കണ്ടെത്തി.
മൂന്ന് മാസത്തിനുള്ളിൽ ഉത്തരവ് പാലിക്കാനും അല്ലെങ്കിൽ ഒരു ലക്ഷം യൂറോ അധിക പിഴ ലഭിക്കുമെന്നും സി.എൻ.ഐ.എൽ. കമ്പനികളോട് പറഞ്ഞു. ഇതുവഴി കുക്കീസിന് അനുമതി നൽകുന്ന പ്രക്രിയ പോലെ വേണ്ടെന്ന് വെക്കുന്ന പ്രക്രിയയും കമ്പനികൾക്ക് ലളിതമാക്കേണ്ടി വരും.
Content Highlights: Google Meta get millions euro French fine for cookie breaches