അമൃത്സർ > നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ കനത്ത പ്രതിഷേധം. ഇതേ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കുടുങ്ങി. ഹുസൈനിവാലിയിലെ ദേശീയ സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം മേൽപ്പാലത്തിൽ കുടുങ്ങുകയായിരുന്നു.
പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ ഹുസൈനിവാലിയിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതോടെ യാത്ര റോഡ് മാർഗമാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഹുസൈനിവാലിയ്ക്ക് 30 കിലോ മീറ്റർ അകലെ എത്തിയപ്പോഴാണ് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചത്.
Major security breach during Prime Minister @narendramodi visit to Punjab. Punjab Police fails to provide smooth passage via road to National Martyrs Memorial at Hussainiwala from Bathinda. No contingency plan in place by Punjab Govt. Road was blocked on flyover by protesters. pic.twitter.com/0q6fEuEngx
— Aditya Raj Kaul (@AdityaRajKaul) January 5, 2022
വഴിയിൽ യാത്ര മുടങ്ങിയതോടെ ഹുസൈനിവാലിയിലെ ദേശീയ സ്മാരക സന്ദർശനവും ഫിറോസ്പുരിലെ സമ്മേളന പരിപാടിയും റദ്ദ് ചെയ്ത് പ്രധാനമന്ത്രി ബത്തിന്ഡ വിമാനത്താവളത്തിലേക്ക് മടങ്ങി.
സംഭവത്തിൽ പഞ്ചാബ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് രംഗത്തുവന്നു. കനത്ത സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. യാത്ര റോഡ് മാര്ഗമാക്കുന്നതിന് മുമ്പ് പോലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ പഞ്ചാബ് സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
പഞ്ചാബ് സര്ക്കാരില്നിന്ന് വിശദമായ റിപ്പോര്ട്ട് തേടിയതായും സംഭവം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.