അബുദാബി> തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയും മറുനാടുകളിലും നടത്തിയ ശക്തി തിയറ്റേഴ്സ് അബുദാബിയുടെ നൂതന പദ്ധതിയായ ശക്തി കലണ്ടർ 2022 വിതരണത്തിന് മലയാളി സമൂഹത്തിനിടയിൽ ആവേശോജ്വലമായ പ്രതികരണം.
അബുദാബിയുടെ സാംസ്കാരിക മണ്ഡലങ്ങളിൽ നാല്പത്തിമൂന്ന് വർഷം പിന്നിട്ട ശക്തി തിയറ്റേഴ്സിന്റെ സ്ഥാപകാംഗങ്ങൾ ഉൾപ്പെടെയുള്ള പൂർവ്വകാല പ്രവർത്തകരെയും നിലവിലെ പ്രവർത്തകരെയും ഒരു ചങ്ങലക്കണ്ണിയെന്നവണ്ണം കോർത്തിണക്കിയാണ് ഈ ബ്രഹത് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ശക്തി പ്രസിഡന്റ് ടി കെ മനോജും ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും വ്യക്തമാക്കി.
ഓരോ ജില്ലയിലെയും ശക്തി കലണ്ടറിന്റെ വിതരണത്തിന്റെ ഷെഡ്യൂളുകൾ തയ്യാറാക്കിയിരുന്നത് അതാത് ജില്ലകളിലെ ശക്തിയുടെ ആദ്യകാല പ്രവർത്തകരും അവധിക്ക് നാട്ടിൽ പോയവരുമായിരുന്നു.
ശക്തി കലണ്ടർ കേരളത്തിലെ മുഴുവൻ ജില്ലാ കേന്ദ്രങ്ങൾ കൂടാതെ, 227 ഏരിയകൾ കേന്ദ്രീകരിച്ചാണ് വിതരണം ചെയ്തത്.
ഓരോ ജില്ലകളിലും അതാത് പ്രദേശത്തെ ആദ്യകാല പ്രവർത്തകരാണ് ശക്തി കലണ്ടറിന്റെ വിതരണനേതൃത്വം ഏറ്റെടുത്തത്. സംസ്ഥാനത്തെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുടെ കൈകളിലേയ്ക്കും, ശക്തി പ്രവർത്തകരുടെ ജന്മനാട്ടിലെ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും, നാട്ടിലെ വായനശാലകൾ, ഓഫീസുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ പൊതു ഇടങ്ങളിലേയ്ക്കും നേരിട്ടും തപാൽ വഴിയും ശക്തിയുടെ കലണ്ടർ എത്തിക്കാൻ കഴിഞ്ഞു. എല്ലാ ശക്തി പ്രവർത്തകർക്കും കലണ്ടർ സൗജന്യമായാണ് വിതരണം ചെയ്തത്.
ഡിസംബറിൽ തുടങ്ങിയ കലണ്ടർ പ്രവർത്തനം ജനുവരിയാകുമ്പോഴേയ്ക്കും പരമാവധി പൂർത്തീകരിക്കാൻ കഴിഞ്ഞു എന്നത് ശക്തി പ്രവർത്തകരുടെ സംഘബോധത്തിന്റെ ദൃഷ്ടാന്തമാണെന്ന് ശക്തി ഭാരവാഹികൾ അറിയിച്ചു.