തിരുവനന്തപുരം > നവജാത ശിശു പരിചരണ രംഗത്തെ പ്രധാന ചുവടുവയ്പ്പാണ് നിയോ ക്രാഡില് പദ്ധതിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. കോഴിക്കോട് ജില്ലയില് സജ്ജമായ സംസ്ഥാനത്തെ ആദ്യത്തെ സമഗ്ര നവജാതശിശു പരിചരണ പദ്ധതിയാണ് നിയോ ക്രാഡില്. നിയോ ക്രാഡില് പദ്ധതി ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങള്ക്കുണ്ടാകുന്ന സങ്കീര്ണമായ ബുദ്ധിമുട്ടുകള് പരിഹരിക്കുന്നതിന് ഏറ്റവും ഫലപ്രദമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നവജാത ശിശുക്കള്ക്ക് ഉണ്ടാകുന്ന സങ്കീര്ണങ്ങളായ ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്സിജന് കുറയുന്ന അവസ്ഥ എന്നിവയെ കൃത്യസമയത്ത് കണ്ടെത്തി വിദഗ്ധ ചികിത്സ നല്കുന്നതാണ് നിയോ ക്രാഡില് പദ്ധതി.
ആശുപത്രികള് ശിശു സൗഹൃദമായി നടപ്പിലാക്കുന്നതിന് ഫലപ്രദമായ ഇടപെടലുകളാണ് സര്ക്കാര് നടത്തി വരുന്നത്. ഒരുമിച്ചുള്ള പ്രവര്ത്തനത്തിലൂടെ മാതൃശിശു സൗഹൃദമായി മാറ്റാനുള്ള പരിശ്രമത്തിലാണ് സര്ക്കാര്. സര്ക്കാര്, സ്വകാര്യ ആശുപത്രികള് മാതൃശിശു സൗഹൃദം ആക്കുന്നതോടൊപ്പം പൊതുയിടങ്ങളും മാതൃശിശു സൗഹൃദമാക്കാന് കര്മ്മ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തോട്ടത്തില് രവീന്ദ്രന് എംഎല്എ അധ്യക്ഷനായി. മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. നിയോ ക്രാഡില് ലോഗോ പ്രകാശനം എംകെ രാഘവന് എംപി നിര്വഹിച്ചു. നിയോ ക്രാഡില് വെബ്സൈറ്റ് പ്രകാശനം കോഴിക്കോട് മേയര് ഡോ. ബീന ഫിലിപ്പ് നിര്വഹിച്ചു.