ന്യൂഡൽഹി > ഐഎസിൽ ചേരാൻ നാടുവിട്ട മകളെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന അച്ഛന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി. 2016ൽ ഐഎസിൽ ചേരാൻ നാടുവിട്ട സോണിയ സെബാസ്റ്റ്യൻ (ആയിഷ), പ്രായപൂർത്തിയാകാത്ത മകൾ സാറ എന്നിവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ വി ജെ സെബാസ്റ്റ്യനാണ് ഹര്‍ജി നൽകിയത്.
വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്ര തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ സെബാസ്റ്റ്യന്‍ ഹൈക്കോടതിയെ സമീപിക്കാം. അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലാകുംമുമ്പ് സോണിയ അടക്കമുള്ളവർ അവിടെ ജയിലിലായിരുന്നു.
ഇപ്പോൾ എവിടെയാണെന്ന് വിവരമില്ല. സോണിയയുടെ ഭർത്താവ് അബ്ദുൾ റാഷിദിനെ 2019ൽ നാറ്റോ സഖ്യസേന വധിച്ചു. ഭീകരസംഘടനയില്‍ ചേർന്നതിൽ മകൾക്ക് ഖേദമുണ്ടെന്നും വിചാരണ നേരിടാൻ മകള്‍ തയ്യാറാണെന്നും സെബാസ്റ്റ്യന്‍ ഹർജിയിൽ പറയുന്നു.