തിരുവനന്തപുരം > കേരളത്തിന്റെ വ്യവസായവികസന ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണ് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത് എൽഡിഎഫ് സർക്കാർ കേരളത്തിന്റെ സ്വന്തം സ്ഥാപനമാക്കി പ്രാരംഭപ്രവർത്തനം തുടങ്ങി. നൂറോളം തൊഴിലാളികൾ ആദ്യദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ആദ്യഘട്ടത്തിൽ യന്ത്ര-ങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കും. ഇതിന് 34.30 കോടി രൂപ വകയിരുത്തി. 44.94 കോടി വകയിരുത്തി രണ്ടാം ഘട്ടത്തിൽ സ്വന്തം പൾപ്പ് ഉപയോഗിച്ചുള്ള പേപ്പർ നിർമാണത്തിലേക്ക് കടക്കും. മൂന്നും നാലും ഘട്ടം പൂർത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ചു ലക്ഷം മെട്രിക് ടൺ വാർഷിക ഉൽപ്പാദനശേഷിയുമുള്ള സ്ഥാപനമാകും.
നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ 145 കോടി രൂപയുടെ റെസല്യൂഷൻ പ്ലാൻ സമർപ്പിച്ച്, ടെൻഡറിൽ പങ്കെടുത്താണ് സർക്കാർ ഏറ്റെടുത്തത്. പൊതുമേഖല വളർത്തുമെന്ന എൽഡിഎഫ് വാഗ്ദാനം പാലിക്കുന്നതിന് തെളിവാണ് കെപിപിഎൽ എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.