ന്യൂഡൽഹി > ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ലഖിംപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനാണ് എസ്ഐടി 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആശിഷ് മിശ്രയും ബന്ധു വീരേന്ദ്ര ശുക്ലയുമടക്കം 14 പേരാണ് പ്രതികൾ. ശുക്ല ഒഴികെയുള്ളവര്‍ ജയിലിലാണ്. കുറ്റപത്രം കോടതി അംഗീകരിച്ചാൽ ഉടൻ വിചാരണ തുടങ്ങും.
ഒക്ടോബർ മൂന്നിനുണ്ടായ കൂട്ടക്കൊല ആകസ്മികമല്ലെന്നും ക്രിമിനൽ ഗൂഢാലോചന നടന്നെന്നും എസ്ഐടി ഡിസംബറിൽ വ്യക്തമാക്കി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾകൂടി ഉൾപ്പെടുത്തണമെന്ന അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട കേസിൽ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കിയതോടെ അച്ഛൻ അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി.
കർഷകരെ ഇടിച്ചിട്ട വാഹനങ്ങളുടെ ഉടമ അജയ് മിശ്ര ആയതിനാൽ അദ്ദേഹത്തെ പ്രതിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എസ്ഐടി ആവശ്യം പരിഗണിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കി. അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു.