ന്യൂഡൽഹി > 2021ല് നടത്തേണ്ട ജനസംഖ്യാകണക്കെടുപ്പ് കേന്ദ്രം നീട്ടിവച്ചതോടെ, സൗജന്യനിരക്കില് ഭക്ഷ്യധാന്യം കിട്ടുന്ന ഭക്ഷ്യസുരക്ഷയടക്കമുള്ള ക്ഷേമപദ്ധതി ആനുകൂല്യങ്ങളില് നിന്ന് ആട്ടിയകറ്റപ്പെട്ടത് രാജ്യത്തെ 13 കോടിയോളം നിര്ധനര്.
ജനസംഖ്യയുടെ 67 ശതമാനമാണ് ഭക്ഷ്യസുരക്ഷാ പദ്ധതി ഗുണഭോക്താക്കളാകേണ്ടത്. 121 കോടി ജനസംഖ്യയുള്ള 2011 സെൻസസ് പ്രകാരം ഭക്ഷ്യസുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ 80 കോടിയോളം വരും. നിലവിൽ രാജ്യത്തെ ജനസംഖ്യ 140 കോടിയിൽ എത്തി. ഇതിന്റെ 67 ശതമാനം കണക്കാക്കിയാൽ 93 കോടിയോളം ഗുണഭോക്താക്കള് ഉണ്ടാകണം. അതായത്, അർഹതപ്പെട്ട 13 കോടിയോളം പേർ നിലവിൽ പദ്ധതിക്ക് പുറത്ത്.
അനിശ്ചിതത്വം, അവ്യക്തത
കോവിഡ് കാരണം സെൻസസ് മാറ്റിവച്ചെന്നു മാത്രമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ സെൻസസ് പ്രക്രിയ എപ്പോൾ തുടങ്ങാനാകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇതോടെ, മിക്ക ക്ഷേമപദ്ധതികളിലും പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നത് അനന്തമായി നീളും. നിലവിലെ ജനസംഖ്യ കണക്കാക്കി ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. പുതിയ സെൻസസ് കണക്ക് വന്നശേഷം ആലോചിക്കാമെന്നാണ് കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഭക്ഷ്യ സബ്സിഡി ചെലവ് വെട്ടിച്ചുരുക്കാനും കേന്ദ്രം നീക്കമാരംഭിച്ചിട്ടുണ്ട്. യുപിയിൽമാത്രം അർഹതപ്പെട്ട മൂന്നു കോടിയോളം പേർ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് പുറത്താണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ബിഹാറിൽ രണ്ടു കോടിയോളം പേരാണ് പുറത്ത്.
സെൻസസിനു മുന്നോടിയായി ജില്ല, ഉപജില്ല തുടങ്ങിയ ഭരണ യൂണിറ്റുകളുടെ അതിർത്തികളിൽ മാറ്റംവരുത്തരുതെന്ന നിർദേശം ദേശീയ ജനസംഖ്യാ രജിസ്ട്രാർ (എൻപിആർ) സംസ്ഥാനങ്ങൾക്ക് നൽകാറുണ്ട്. കണക്കെടുപ്പിന് മൂന്നു മാസംമുമ്പാണ് നിർദേശം നൽകുന്നത്. അതിർത്തി മരവിപ്പിക്കൽ നിർദേശം 2022 ജൂൺവരെ പ്രാബല്യത്തിൽ വരില്ലെന്ന് എൻപിആർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സെൻസസിന്റെ നടപടി സെപ്തംബർവരെ നീളുമെന്ന് തീർച്ച.