ലണ്ടൻ > ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിയും തിരിച്ചടിയുമായി ലിവർപൂളും ചെൽസിയും. സ്റ്റാംഫോർഡ്ബ്രിഡ്ജിൽ നടന്ന മത്സരം 2–-2നാണ് അവസാനിച്ചത്. രണ്ട് ഗോളിന് മുന്നിട്ടുനിന്ന ലിവർപൂളിനെ പ്രത്യാക്രമണത്തിലൂടെ ചെൽസി പിടിച്ചുകെട്ടി.
ആദ്യപകുതിയിലായിരുന്നു നാല് ഗോളും. ഈ സമനില ഒന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുടെ നില സുരക്ഷിതമാക്കി.
സിറ്റിക്ക് 53 പോയിന്റാണ്. 43 പോയിന്റുമായി ചെൽസി രണ്ടാമത്. ലിവർപൂൾ 42 പോയിന്റോടെ മൂന്നാമത്. ലിവർപൂളിന് ഒരു മത്സരം കുറവാണ്.
ചെൽസിയുടെ തട്ടകത്തിൽ സാദിയോ മാനെ, മുഹമ്മദ് സലാ എന്നിവരിലൂടെ ആദ്യ അരമണിക്കൂറിൽ ലിവർപൂൾ മുന്നിലെത്തി. എന്നാൽ, മാറ്റിയോ കൊവാസിച്ചും ക്രിസ്റ്റ്യൻ പുലിസിക്കും ചേർന്ന് ചെൽസിയെ തിരികെക്കൊണ്ടുവന്നു.