ആലപ്പുഴ > ആലപ്പുഴ ഡിസിസി സംഘടിപ്പിച്ച മാനവസൗഹാർദ സത്യഗ്രഹത്തിലും രമേശ് ചെന്നിത്തലയ്ക്ക് നേരെ വി ഡി സതീശന്റെ ഒളിയമ്പ്. ഡി ലിറ്റ് വിവാദത്തിൽ ചെന്നിത്തലയെ പ്രതിപക്ഷനേതാവ് പൂർണമായി തള്ളിയശേഷം ഇരുവരും ഒരേവേദിയിൽ വന്ന ചടങ്ങാണ് തിങ്കളാഴ്ച ആലപ്പുഴയിൽ നടന്നത്.
എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാലും സതീശനും കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും തമാശയും ചിരിയുമായി വേദിയിൽ സജീവമായപ്പോൾ തീർത്തും മ്ലാനവദനനായിരുന്നു ചെന്നിത്തല. പ്രസംഗിക്കാൻ വിളിക്കാൻ ഒരുങ്ങിയെങ്കിലും അവസാനം സംസാരിച്ചുകൊള്ളാമെന്നു പറഞ്ഞ് ചെന്നിത്തല അതൃപ്തിയും പ്രകടമാക്കി.
കെ സുരേന്ദ്രനെതിരെയുള്ള മറുപടി എന്ന നിലയിലാണ് യോഗത്തിലും പിന്നീട് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും സതീശൻ സംസാരിച്ചതെങ്കിലും അതെല്ലാം ചെന്നിത്തലയേയും ഉന്നംവെച്ചുള്ളതായിരുന്നു. ബിജെപിക്കാരുടെ മെഗാഫോണാകാൻ പ്രതിപക്ഷത്തെ കിട്ടില്ലെന്നും കെ സുരേന്ദ്രൻ വാലും തലയുമില്ലാതെ പറയുന്നത് ഏറ്റുപിടിക്കുന്നവരല്ല തങ്ങളെന്നും സതീശന് പറഞ്ഞു. അതേസമയം താനും രമേശ് ചെന്നിത്തലയും വ്യത്യസ്തരീതിയിൽ വിഷയം അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സതീശൻ പറഞ്ഞു. യോഗത്തിൽ സംസാരിച്ച ചെന്നിത്തലയാകട്ടെ ബിജെപിയെയോ എസ്ഡിപിഐയോ പേരെടുത്തു വിമർശിക്കാൻ തയ്യാറായില്ല.
സതീശൻ പറഞ്ഞതാണ് യുഡിഎഫ് അഭിപ്രായം: ഹസ്സൻ
കൊച്ചി > ഡി ലിറ്റ് വിവാദത്തിൽ രമേശ് ചെന്നിത്തലയെ തള്ളി യുഡിഎഫ് കൺവീനർ എം എം ഹസ്സനും. രമേശ് ചെന്നിത്തല പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞതാണ് യുഡിഎഫ് അഭിപ്രായം. സിൽവർലൈന് എതിരെ പ്രക്ഷോഭം നടത്തുന്നവരെ കൂടെകൂട്ടുമെന്നും ഹസ്സൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.