വാഷിങ്ടൺ: ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇൻഫർമേഷൻ പോളിസി ലംഘിച്ചതിന് യുഎസ് കോൺഗ്രസിലെ ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധിയായ മാർജൊറി ടെയ്ലർ ഗ്രീനിൻറെ അക്കൗണ്ടിന് ട്വിറ്റർ സ്ഥിര വിലക്ക് ഏർപ്പെടുത്തി. പോളിസി ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്നാണ് നടപടി.
ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇൻഫർമേഷൻ പോളിസി അനുസരിച്ച് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകൾ അഞ്ച് തവണ പങ്കുവെച്ചതായി കണ്ടെത്തിയാൽ അക്കൗണ്ടിന് സ്ഥിര വിലക്ക് ഏർപ്പെടുത്തും.
കോവിഡ് വാക്സിനെ കുറിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗ്രീനിൻറെ അക്കൗണ്ടിന് 2020 ഓഗസ്റ്റിൽ താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്ന് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്‌യുന്നു.
ഗ്രീനിൻറെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ടിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് അംഗമായ ഗ്രീനിൻറെ @RepMTG എന്ന ഔദ്യോഗിക അക്കൗണ്ട് ഇപ്പോഴും സജീവമാണ്.
അതേസമയം, ട്വിറ്റർ അമേരിക്കയുടെ ശത്രുവാണ് എന്നാണ് ഗ്രീൻ ഈ നടപടിയോട് പ്രതികരിച്ചത്. സത്യം പ്രചരിക്കുന്നത് തടയാൻ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്ക് സാധിക്കില്ലെന്നും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലെ തിരിച്ചറിയപ്പെടാത്ത ശത്രുക്കളെ ട്വിറ്റർ സഹായിക്കുകയാണെന്നും ഗ്രീൻ ആരോപിച്ചു.
2020-ലെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾക്ക് പിന്തുണ നൽകിയിരുന്നയാളാണ് ഗ്രീൻ. വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് നിരന്തരം ചോദ്യങ്ങളുന്നയിക്കുകയും കോൺഗ്രസിലെ കോവിഡ് മാനദണ്ഡങ്ങൾ നിരന്തരം ലംഘിക്കുകയും ചെയ്‌യുന്ന ഗ്രീൻ വിവാദങ്ങളുടെ തോഴിയാണ്.
Content Highlights: Twitter permanently suspends US Congresswomans account for Covid misinformation