മനാമ > വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നഷ്ടം. ഒമാനില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ ആറ് പേര് മരിച്ചു. വെള്ളക്കെട്ടിലും മലവെള്ളപാച്ചിലിലും കുടുങ്ങിയ 20 ഓളം പേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി അടച്ചു. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഞായറാഴ്ചത്തെ വെടിക്കെട്ടും ഒഴിവാക്കി.
കുവൈത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചില്ല. ഞായറാഴ്ചത്തെ കുവൈത്ത്-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. സ്കൂളുകളിലും സര്‍വകലാശാലകളിലും തിങ്കളാഴ്ച ക്ലാസ് ഉണ്ടാകില്ലെന്ന വിദ്യാഭ്യാസ മന്ത്രി അലി അല്‍ മുദാഫ് അറിയിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന സ്കൂള്‍ പരീക്ഷകള്‍ മാറ്റിവച്ചു. കുവൈത്തില്‍ കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. നിരവധി വാഹനം മുങ്ങി. വെള്ളക്കെട്ടില്‍ കുടുങ്ങിയ 106 പേരെ അഗ്നിശമന വിഭാഗം രക്ഷിച്ചു. ഞയറാഴ്ച രാവിലെ മുതല്‍ ശക്തമായ മഴയുണ്ട്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലില്‍ പോകരുതെന്നും റോഡ് ഗതാഗതത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. അഹ്മദി ഭാഗത്താണ് മഴ കനത്തുപെയ്തത്. അഗ്നിശമന വകുപ്പ് റോഡുകളിലെ വെള്ളക്കെട്ട് നീക്കി.
ബഹ്റൈനില്‍ ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി. മൂന്നു ദിവസായി രാജ്യത്ത് മഴയുണ്ട്. ബഹ്റൈനില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യസായി കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. വെള്ളം കയറിയ സ്ഥലങളില് നിന്ന് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ടാങ്കറുകള്‍ വിന്യസിച്ചു. ഞായറാഴ്്ച പകല്‍ മഴ വിട്ടു നിന്നുവെങ്കിലും വൈകീട്ട് പലയിടങ്ങളിലും കനത്ത മഴ പെയ്തു.
സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് യുഎഇ ടൂറിസം അധികൃതര്‍ അറിയിച്ചു. ദിവസവും ആയിരകണക്കിന് സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ഗ്ലോബില്‍ വില്ലേജ്. തിങ്കളാഴ്ച വൈകീട്ട് നാലു മുതല്‍ വീണ്ടും തുറക്കുമെന്നും അറിയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു ദിവസമായി മഴയും ആലിപ്പഴ വര്‍ഷവും ഉണ്ട്. ചൊവ്വാഴ്ച വരെ ഇടിയും മിന്നലോടുകൂടിയ മഴയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.
ഒമാനില്‍ പല ഗവര്‍ണറേറ്റുകളിലും വെള്ളപ്പൊക്കമുണ്ടായി. വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയാണ് ഉണ്ടായത്. ഒമാന്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ജനുവരി അഞ്ച് വരെ നീളുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. മുസണ്ടം, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബത്തിന, മസ്കറ്റ്, ബുറൈമി, ദാഹിറ, ദഖ്ലിയ, സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മേഘാവൃതമായ കാലാവസ്ഥയാണ്. ഇവിടെ കാറ്റിനൊപ്പം മിന്നലോടുകൂടിയ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. വാദികളില്‍ പെട്ടന്ന് വെള്ളപ്പൊക്കമുണ്ടായേക്കുമെന്നും മുന്നറിയിപ്പ് നല്കി.