ന്യൂഡൽഹി
പ്രശസ്തരായ മുസ്ലിം വനിതകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ആപ്പിലൂടെ ‘ഓണ്‍ലൈന്‍ ലേല’ത്തിനുവച്ച് അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ജിറ്റ് ഹബ്ബിലെ ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലാണ് 100 വനിതകളുടെ ചിത്രം അപ്ലോഡ് ചെയ്ത് ലേലത്തിൽ വച്ചത്.
മാധ്യമപ്രവർത്തകയുടെ പരാതിയിൽ ഡൽഹി പൊലീസും പിന്നാലെ മുംബൈ പൊലീസും കേസെടുത്തു. ആപ് ബ്ലോക്ക് ചെയ്തെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വലിയ വിവാദങ്ങള്‍ക്ക് വഴിവച്ച സുള്ളി ഡീല്‍സിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്. സുള്ളി ഡീൽ സംഭവത്തിൽ ഡൽഹി, ഉത്തർപ്രദേശ് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല.