ന്യൂഡൽഹി
വിദേശസംഭാവനകൾ സ്വീകരിക്കാനുള്ള അനുമതി പുതുക്കാത്ത കേന്ദ്രസർക്കാർ നടപടി 16 സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയെന്ന് ഓക്സ്ഫാം ഇന്ത്യ. ‘എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ സർക്കാർ നിഷേധിച്ചതു കാരണം വിദേശഫണ്ട് ലഭിക്കില്ല.
അവശജനവിഭാഗങ്ങൾക്കായുള്ള സേവനങ്ങൾ തടസ്സപ്പെടും’–- ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹർ അറിയിച്ചു. 16 സംസ്ഥാനത്ത് സംഘടന ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കൽ, മരുന്നുകൾ വിതരണംചെയ്യൽ, ഓക്സിജൻ സിലിണ്ടറുകളും വെന്റിലേറ്ററുകളും എത്തിക്കൽ, ഭക്ഷണം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. വിദേശസഹായം ഇല്ലാതാകുന്നതോടെ ഇതിൽ ഭൂരിഭാഗവും നിലയ്ക്കും.
ഒമിക്രോൺ തീവ്രമായ സാഹചര്യത്തിൽ ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഓക്സ്ഫാം ഉൾപ്പെടെ ഏകദേശം 12,000 എൻജിഒകളുടെയും സംഘടനകളുടെയും എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതായി കേന്ദ്രസർക്കാർ ശനിയാഴ്ച അറിയിച്ചിരുന്നു. പല സംഘടനകളും ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാത്തതാണ് ലൈസൻസ് ഇല്ലാതാകാൻ കാരണമെന്നാണ് സർക്കാർ അവകാശവാദം.