പുണെ
ഭീമ കൊറേഗാവ് യുദ്ധവിജയത്തിന്റെ 204––ാം വാർഷികദിനമായ ശനിയാഴ്ച പുണെ ജയസ്തംഭ് സ്മാരകത്തിൽ അഭിവാദ്യമർപ്പിക്കാനെത്തിയത് ലക്ഷങ്ങൾ. 2018ൽ ഭീമ കൊറേഗാവ് ദിനത്തിലുണ്ടായ സംഘർഷത്തിനുശേഷം ഇതാദ്യമായാണ് ഇവിടെ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, മന്ത്രിമാരായ ദിലീപ് വാൽസെ പാട്ടീൽ, ധനഞ്ജയ് മുണ്ടെ, നിതിൻ റൗട്ട് എന്നിവരടക്കം പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്. സുരക്ഷ കണക്കിലെടുത്ത് ആയിരക്കണക്കിന് പൊലീസുകാരെയും വിന്യസിച്ചു. 1818 ജനുവരി ഒന്നിനാണ് മഹാരാഷ്ട്രയിലെ ദളിത് വിഭാഗമായ മഹറുകൾ സവർണ ബ്രാഹ്മണ നേതൃത്വമായ പെഷവാ ഭരണത്തിനുമേൽ ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് പോരാടി ചരിത്രവിജയം നേടിയത്. രക്തസാക്ഷികളായ മഹർ പടയാളികളുടെ സ്മാരകമാണ് വിജയസ്തംഭം.
2018ൽ രാജ്യത്തെ ദളിത് സംഘടനകളുടെയും എൽഗാർ പരിഷദ് പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭീമ കൊറേഗാവിന്റെ 200–-ാം വാർഷികം ആചരിക്കുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ അക്രമം അഴിച്ചുവിട്ടത്. സംഭവത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. പിന്നീട് മനുഷ്യാവകാശ പ്രവർത്തകരടക്കം ഒട്ടേറെപ്പേരെ കേസിൽപ്പെടുത്തി വേട്ടയാടി. എൺപത്തിനാലുകാരനായ ഫാദർ സ്റ്റാൻസ്വാമി ജയിലിൽ മരണത്തിനു കീഴടങ്ങിയത് കഴിഞ്ഞ വർഷമാണ്.