ന്യൂഡൽഹി
ഒമിക്രോൺ വ്യാപനം തീവ്രമായതോടെ രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഞായറാഴ്ച 27,553 പുതിയ രോഗികൾ. 284 മരണവും റിപ്പോർട്ട് ചെയ്തു. ഒക്ടോബറിനുശേഷം ആദ്യമായാണ് പ്രതിദിന കേസ് 20,000 കടക്കുന്നത്. പുതിയ രോഗികളിൽ 21 ശതമാനം വർധന. ഒമിക്രോൺബാധിതരുടെ എണ്ണം 1525 ആയി. 23 സംസ്ഥാനത്ത് പുതിയവകഭേദം പിടിമുറുക്കി.
ബംഗാളിൽ സ്കൂളുകൾ പൂട്ടി”
ബംഗാളിൽ ആറു ദിവസത്തിനിടെ കോവിഡ് രോഗികളിൽ 10 ശതമാനം വർധന. തിങ്കളാഴ്ച 439 കേസുണ്ടായിരുന്നത് ശനിയാഴ്ച 4532 ആയി. ഇതോടെ, സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അടച്ചിടാനും നിയന്ത്രണം കടുപ്പിക്കാനും സർക്കാർ തീരുമാനിച്ചു. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ. യോഗങ്ങൾ വീഡിയോ കോൺഫറൻസിങ് വഴിയാക്കി. രാത്രി കർഫ്യു ഏർപ്പെടുത്തി.
ഹരിയാനയിൽ രണ്ട് ഡോസും വാക്സിനെടുത്തവർക്ക് മാത്രമാക്കി പൊതുഗതാഗത സംവിധാനങ്ങളിൽ അനുവാദം. കേസുകൾ ഉയർന്ന ഗുരുഗ്രാം, ഫരീദാബാദ്, അമ്പാല, സോണിപത്ത് ജില്ലകളിൽ മാളുകളും മാർക്കറ്റുകളും വൈകിട്ട് അഞ്ചിനുള്ളിൽ അടയ്ക്കണം. പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം.
ഡൽഹിയിൽ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 3100 പേർക്ക്. മെയ് 21ന് ശേഷമുള്ള ഉയർന്ന പ്രതിദിന കണക്ക്. പ്രതിദിന കേസുകളിൽ 50 ശതമാനത്തിലധികം വർധന. മുംബൈയിൽ ശനിയാഴ്ച 6810 പുതിയ രോഗികൾ. രോഗസ്ഥിരീകരണ നിരക്ക് 13 കടന്നു. കർണാടകത്തിൽ ശനിയാഴ്ച 1033 പേർക്ക്. ബംഗളൂരു അർബനിൽമാത്രം 810 കേസ്. ഗുജറാത്തിൽ ശനിയാഴ്ച 1069 പുതിയ രോഗികൾ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ 85 വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിൽ നളന്ദ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർക്കും കോവിഡ് സ്ഥീരികരിച്ചു.
അടിയന്തര വൈദ്യസഹായം വേണം
അടിയന്തര വൈദ്യസഹായത്തിന്റെ ആവശ്യം ഉയരുമെന്നതാണ് ഒമിക്രോൺ സൃഷ്ടിക്കുന്ന വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചു. കൂടുതൽ പേർ ചെറിയസമയത്തിനുള്ളിൽ രോഗബാധിതരാകും. ആശുപത്രികളിലെ ഐസിയുവിലും ഒപി വിഭാഗത്തിലും ഉൾപ്പെടെ അതിന്റെ പ്രതിഫലനമുണ്ടാകും.