തിരുവനന്തപുരം
കെ റെയിലിനെതിരെ ജനങ്ങളെ ഇളക്കാൻ വ്യാജവാർത്തയുമായി ജമാഅത്തെ ഇസ്ലാമി മുഖപത്രം. ഗുണ്ടകളെയും സമൂഹവിരുദ്ധരെയും അമർച്ച ചെയ്യാനുള്ള ‘ഓപ്പറേഷൻ കാവൽ’ കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാനാണെന്നാണ് കണ്ടുപിടിത്തം. സിൽവർ ലൈനിന് ജനപിന്തുണ കൂടുന്നത് തകർക്കാനാണ് ഈ പാഴ്ശ്രമം.
കഴിഞ്ഞ 11ന് തിരുവനന്തപുരം പോത്തൻകോട്ട് യുവാവിനെ കൊന്ന് കാലുവെട്ടിയെടുത്ത് പരസ്യമായി വലിച്ചെറിഞ്ഞിരുന്നു. ഇതോടെ ഗുണ്ടകളെ പിടികൂടാൻ ‘ഓപ്പറേഷൻ കാവൽ’ സ്പെഷ്യൽ ഡ്രൈവ് സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തോടെ ഇത് ശക്തിപ്പെടുത്തി. ക്രിമിനലുകളെ നിരീക്ഷിച്ചും നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കാനുമാണ് കാവലിലെ പ്രധാന നിർദേശം. ഗുണ്ടകൾക്കെതിരെ ഇത്തരം നടപടി സ്വാഭാവികമാണ്. എല്ലാക്കാലത്തും സ്പെഷ്യൽ ഡ്രൈവ് പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇതിലൂടെ സിൽവർ ലൈനിനെ എതിർക്കുന്നവരുടെ ആധാർ കാർഡ്, വിലാസം സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങൾ എന്നിവ പൊലീസ് ശേഖരിക്കുന്നുവെന്നാണ് നുണവാർത്ത. അത്തരമൊരു നിർദേശവും നൽകിയിട്ടില്ലെന്ന് ഉന്നത പൊലീസ് അധികാരികൾ അറിയിച്ചു.
ഓപ്പറേഷൻ കാവലിന്റെ ഭാഗമായി കുറ്റവാളികളുടെ പട്ടിക ജില്ലകളിൽ പൊലീസ് തയ്യാറാക്കുന്നുണ്ട്. 28 വരെയുള്ള കണക്കുപ്രകാരം 15,431 പേരെ പൊലീസ് പരിശോധിച്ചു. 6913 വീട് റെയ്ഡ് നടത്തി. 4717 ഗുണ്ടകൾ കീഴടങ്ങി. കുറ്റവാളികളായവരുടെ മൊബൈൽ ഫോൺ രേഖയടക്കം പരിശോധിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾവഴി വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രചാരണം തടയാനും പൊലീസ് മേധാവി നിർദേശിച്ചിരുന്നു. ഇത്തരത്തിൽ 88 കേസിൽ 31 പേരെ അറസ്റ്റും ചെയ്തു. ഇതും വളച്ചൊടിക്കുന്നു.
അർധ അതിവേഗ പാതയ്ക്കെതിരെ യുഡിഎഫ്–- ബിജെപി–-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് പരസ്യമാണ്. വ്യാജപ്രചാരണമാണ് നടത്തുന്നത്. അതിന്റെ ഭാഗമാണ് മുഖപത്രത്തിന്റെ നുണബോബ്.