തിരുവനന്തപുരം > രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ നിർദേശിച്ചെന്ന വിവാദം പുകയുന്നതിനിടെ മുൻ രാഷ്ട്രപതിമാരായ ഡോ. എസ് രാധാകൃഷ്ണനും ഡോ. കെ ആർ നാരായണനും കേരള സർവകലാശാല ഡി ലിറ്റ് നൽകിയിട്ടില്ലെന്ന വിവരം പുറത്തുവന്നു.
കെ ആർ നാരായണൻ കേരള സർവകലാശാലയിലെ പൂർവ വിദ്യാർഥിയും എസ് രാധാകൃഷ്ണൻ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമായിരുന്നു. കെ ആർ നാരായണന് ഡി ലിറ്റ് നൽകാൻ കേരള സർവകലാശാലാ സിൻഡിക്കറ്റ് ശുപാർശ നൽകിയിരുന്നു. ഇതുസംബന്ധിച്ച കത്ത് അദ്ദേഹത്തിന് അയച്ചെങ്കിലും ഡി ലിറ്റ് സ്വീകരിക്കുന്നതിൽ അറിയിപ്പ് സർവകലാശാലയ്ക്ക് നൽകിയില്ല. ഡോ. എസ് രാധാകൃഷ്ണന് ഡി ലിറ്റ് നൽകാനുള്ള നിർദേശം മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം, രാഷ്ട്രപതി ഡി ലിറ്റ് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പ്രശ്നങ്ങളും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഗവർണറുടെ നിയമനാധികാരിയാണ് രാഷ്ട്രപതി. സർവകലാശാലാ ചാൻസലർ എന്നനിലയിൽ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകേണ്ടത് ഗവർണറാണ്. താൻ ഒരു പദവിയിലേക്ക് നിയോഗിച്ച ആളിൽനിന്ന് ബഹുമതി സ്വീകരിക്കുന്നതിലെ അനൗചിത്യവും ഉയരുന്നു.