ചങ്ങനാശേരി > എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ ജയന്തി ദിനാചരണം ഞായറാഴ്ച നടക്കും. താലൂക്ക് യൂണിയനിലും കരയോഗത്തിലും പകൽ 11ന് പുഷ്പാർച്ചനയുണ്ടാകും. ജനുവരി ഒന്നിനും രണ്ടിനും നടക്കേണ്ട ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിരുന്നു. പെരുന്നയിലെ മന്നം സമാധിയിൽ രാവിലെ 7.30ന് പുഷ്പാർച്ചന ആരംഭിക്കും. സമുദായാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കാം. സമുദായത്തിന്റെ പുരോഗതിക്കും സാമൂഹ്യ അസമത്വത്തിനെതിരെയും പോരാടിയ മഹാനായിരുന്നു മന്നമെന്ന് സുകുമാരൻ നായർ അനുസ്മരിച്ചു.
1878 ജനുവരി രണ്ടിനാണ് ജനനം. ബാല്യകാലത്തുതന്നെ തുള്ളൽ–-ആട്ടക്കഥകൾ, നാടകം, സാഹിത്യം മുതലായവയിലൂടെ ഭാഷ–-സാഹിത്യവാസനയും സ്വന്തമാക്കി. അധ്യാപകനായി ജോലി. 27-–-ാമത്തെ വയസ്സിൽ മിഡിൽ സ്കൂളിൽ ഹെഡ്മാസ്റ്ററുടെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് രാജി. പിന്നിട് വക്കീൽ. 1924-ൽ നടന്ന വൈക്കം സത്യഗ്രഹത്തിലും പങ്കാളി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് കാൽനടയായി രാജധാനിയിലേക്ക് പുറപ്പെട്ട “സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ നേതൃപാടവം വെളിവാക്കി. 1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്ത് 17 വരെ എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947-ൽ സ്ഥാനങ്ങൾ ഒഴിഞ്ഞു.
സ്റ്റേറ്റ് കോൺഗ്രസിനും ഉത്തരവാദ ഭരണപ്രക്ഷോഭത്തിനും നേതൃത്വം നൽകി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്ന് തെരഞ്ഞെടുത്തു. 1949 ആഗസ്തിൽ രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി. കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയത്തിൽ പിന്നീട് സജീവമായില്ല. വിമോചനസമരത്തിന് നേതൃത്വം നൽകി. 1970 ഫെബ്രുവരി 25ന് അന്തരിച്ചു. മന്നത്തിന്റെ വിശ്രമമില്ലാത്ത പ്രവർത്തനശൈലി സമൂഹത്തിനാകെ മാതൃകയാണെന്നും സുകുമാരൻ നായർ സ്മരിച്ചു.