വെള്ളൂർ (കോട്ടയം) > പുതുവർഷത്തിൽ മലയാളക്കരയുടെ അതിജീവന സൈറൺ വെള്ളൂരിൽ മുഴങ്ങി. കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് വീണ്ടും പുതുജീവൻ.
ആദ്യ ഘട്ടത്തിൽ ശനിയാഴ്ച 105 മെയിന്റനൻസ് ജീവനക്കാർ ചേർന്ന് യന്ത്രങ്ങൾ സജ്ജമാക്കുന്ന ജോലി ആരംഭിച്ചു. പേപ്പർ മെഷീൻ, ഡീഇങ്കിങ് പ്ലാന്റ്, ബോയ്ലർ എന്നിവയുടെ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്. വൈകിട്ട് 5.30 വരെ തുടർന്നു. കേന്ദ്രസർക്കാർ വിൽക്കാൻവച്ച എച്ച്എൻഎൽ സംസ്ഥാന സർക്കാർ 146 കോടിരൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനത്തിലെ ആദ്യ ചുവടാണിത്. വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരെത്തും.
മൂന്നുവർഷം അടഞ്ഞുകിടന്നെങ്കിലും യന്ത്രങ്ങൾക്ക് ഗുരുതര തകരാറില്ല. നാല് മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ന്യൂസ് പ്രിന്റ്, ആർട്ട് പേപ്പർ, ടിഷ്യു പേപ്പർ തുടങ്ങിയവ നിർമിക്കുന്നത് ആലോചനയിലാണ്. കിൻഫ്രക്കാണ് മേൽനോട്ട ചുമതല. എല്ലാ തസ്തികയിലും ജീവനക്കാരെ നിയമിക്കാനുള്ള നടപടി ഈമാസം തുടങ്ങും. ഒപ്പം റബർ പാർക്കിന്റെ പ്രവർത്തനങ്ങളും. കെപിപിഎല്ലിന്റെ ഭൂമിയിലാണ് വലിയ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്ന റബർ പാർക്ക് വരുന്നത്.