ന്യൂഡൽഹി > രാജ്യത്തെ പന്ത്രണ്ടായിരത്തിൽപ്പരം സന്നദ്ധസംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതില്‍ കേന്ദ്രസർക്കാർ കൂട്ടവിലക്ക് ഏര്‍പ്പെടുത്തി. ലൈസൻസ് പുതുക്കാൻ ഡിസംബർ 31നകം അപേക്ഷ സമർപ്പിക്കാത്ത സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സംഭാവന സ്വീകരിക്കുന്നവരെ കുടുക്കാൻ ഉതകുന്ന വ്യവസ്ഥകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നതാണ് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകുന്നതിൽനിന്ന് സംഘടനകളെ പിന്തിരിപ്പിച്ചതെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലെപ്രസി മിഷൻ, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ടിബി അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ തുടങ്ങിയ സംഘടനകൾ വിദേശ സംഭാവന സ്വീകരിക്കാൻ കഴിയാത്തവയുടെ പട്ടികയിലായി. വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) അനുസരിച്ച് രജിസ്റ്റർ ചെയ്ത സംഘടനകൾക്ക് സംഭാവന സ്വീകരിക്കാൻ പ്രത്യേക ലൈസൻസും ആവശ്യമാണ്. 2020 നവംബറിൽ മോദി സർക്കാർ ഭേദഗതി ചെയ്ത എഫ്സിആർഎ ചട്ടങ്ങൾ പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്ന സഘടനകളിലെ അംഗങ്ങൾ രാഷ്ട്രീയസ്വഭാവമുള്ള പ്രവർത്തനങ്ങൾ നടത്താൻ പാടില്ല.
ഏതു പ്രവർത്തനത്തെയും രാഷ്ട്രീയലക്ഷ്യമുള്ളതായി വ്യാഖ്യാനിക്കാൻ കഴിയുമെന്നിരിക്കെ സംഭാവന സ്വീകരിക്കുന്നവർ കുടുങ്ങും. അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലും സങ്കീർണ നടപടിക്രമങ്ങൾ ഉൾപ്പെടുത്തി.
പൊതുസേവകർ ഇത്തരം സംഘടനകളിൽ ഭാരവാഹികളാകരുതെന്നും വ്യവസ്ഥയുണ്ട്. ഉന്നത വിദ്യാഭ്യാസമേഖലയിലെ പല സ്ഥാപനങ്ങൾക്കും ലൈസൻസ് പുതുക്കാനാകാത്ത സ്ഥിതിയാണ്. ഡൽഹി ഐഐടി, ലേഡിശ്രീറാം കോളേജ്, ജെഎൻയുവിലെ ആണവശാസ്ത്ര പഠനകേന്ദ്രം തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി.ഇന്ത്യയിൽ 22,762 സംഘടനയാണ് എഫ്സിആർഎപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പകുതിയിലേറെ സംഘടനകൾക്കാണ് ലൈസൻസ് നഷ്ടമാകുന്നത്. സന്നദ്ധപ്രവർത്തനങ്ങൾക്കു പുറമെ പഠനം, ഗവേഷണം എന്നിവയും സ്തംഭിക്കും.
മോദി സർക്കാരിനെ പിന്തുണയ്ക്കാത്ത സംഘടനകൾക്ക് കൂച്ചുവിലങ്ങിടുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ. രാജ്യത്തെ മനുഷ്യാവകാശലംഘനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ പ്രവർത്തനം കേന്ദ്രം തടഞ്ഞിട്ടുണ്ട്. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ലൈസൻസ് പുതുക്കാൻ നൽകിയ അപേക്ഷ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തള്ളിയിരുന്നു.