കൊച്ചി > നർത്തകിയും നടിയുമായ ശോഭന, ശാസ്ത്രീയസംഗീത പ്രതിഭ ഡോ. ടി എം കൃഷ്ണ, സംസ്കൃതപണ്ഡിതൻ ഡോ. എൻ പി ഉണ്ണി എന്നിവർക്ക് ഡി ലിറ്റ് നൽകാനുള്ള സംസ്കൃത സർവകലാശാലാ തീരുമാനം വിവാദമാക്കാനുള്ള നീക്കവും പൊളിഞ്ഞു. ഇവർക്ക് ഡി ലിറ്റ് നൽകാൻ നേരത്തെ തന്നെ സർവകലാശാല തീരുമാനിച്ചതിന് മാധ്യമവാർത്തകൾ സാക്ഷ്യം.
ഇത്മറച്ചുവച്ചാണ് രമേശ് ചെന്നിത്തലയും ചില പത്രങ്ങളും വ്യാജവാർത്ത പടച്ചത്. ആർക്കൊക്കെയോ ഡി -ലിറ്റ് നൽകാനുള്ള നീക്കം ഗവർണർ തടഞ്ഞെന്ന മട്ടിലായിരുന്നു വെള്ളിയാഴ്ച ചെന്നിത്തല കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സർവകലാശാലാ തീരുമാനം ഗവർണർ അംഗീകരിച്ചെങ്കിലും അതു മരവിപ്പിച്ചെന്ന് ശനിയാഴ്ച മനോരമയും തട്ടിവിട്ടു.
മൂന്നുപേർക്കും ഓണററി ഡി ലിറ്റ് നൽകാൻ സിൻഡിക്കറ്റ് നൽകിയ ശുപാർശ അംഗീകരിച്ച് അക്കാദമിക് കൗൺസിൽ ഒക്ടോബർ 29ന് തീരുമാനമെടുത്തു. സർവകലാശാല സിൻഡിക്കറ്റിന്റെയും അക്കാദമിക് കൗൺസിലിന്റെയും ചട്ടപ്രകാരമുള്ള തീരുമാനം നവംബർ മൂന്നിന് ഗവർണർ അംഗീകരിച്ച് ഉത്തരവുമിറക്കി. ഇതിന്റെ പകർപ്പും പുറത്തുവന്നു. ബിരുദദാനച്ചടങ്ങിനുമുമ്പ്, ആദരിക്കപ്പെടുന്നവരെക്കുറിച്ച് ചെറുവിവരണവും ഗവർണർക്ക് പ്രസംഗം തയ്യാറാക്കാൻ വിവരങ്ങളും ആരാഞ്ഞ് പ്രിൻസിപ്പൽ സെക്രട്ടറി നവംബർ ആറിന് സർവകലാശാലയ്ക്ക് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. അതോടെ മണിക്കൂറുകൾക്കുള്ളിൽ നുണകൾ പൊളിഞ്ഞു.
ഗവർണർ അംഗീകരിച്ചത് തടസ്സം പറയാതെ: മുൻ വിസി
സിൻഡിക്കറ്റിന്റെയും അക്കാദമിക് കൗൺസിലിന്റെയും തീരുമാനം അംഗീകരിച്ചതായുള്ള ഗവർണറുടെ ഉത്തരവ് സർവകലാശാലയ്ക്ക് അപ്പോൾത്തന്നെ അയച്ചുതന്നിട്ടുണ്ടെന്ന് മുൻ വിസി ഡോ. ധർമരാജ് അടാട്ട് പറഞ്ഞു. ഒരുഘട്ടത്തിലും ഗവർണർ എതിരഭിപ്രായം ഉന്നയിച്ചിട്ടില്ല. നവംബർ 20 വരെ ഡൽഹിയിലായതിനാൽ വന്നശേഷം ബിരുദദാന തീയതി നിശ്ചയിക്കാമെന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചത്. അദ്ദേഹം തിരിച്ചെത്തിയപ്പോഴേക്കും തന്റെ വിസി കാലാവധി തീർന്നു. അതാണ് ബിരുദദാനം നീളാൻ ഇടയാക്കിയത്. ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് ഒരടിസ്ഥാനവുമില്ല –- ഡോ. ധർമരാജ് അടാട്ട് പറഞ്ഞു.