ന്യൂഡൽഹി > നടപ്പ് സാമ്പത്തികവർഷം കേന്ദ്രം ഭക്ഷ്യസബ്സിഡി ചെലവ് 2020–-21നെ അപേക്ഷിച്ച് 30 ശതമാനം വെട്ടിക്കുറയ്ക്കും. 2020–-21ൽ 5.29 ലക്ഷം കോടി രൂപയാണ് ഭക്ഷ്യസബ്സിഡിയിനത്തിൽ വിനിയോഗിച്ചതെങ്കിൽ ഇക്കൊല്ലം ഇത് 3.72 ലക്ഷം കോടി രൂപയായി കുറയും. എഫ്സിഐ സംഭരിച്ച അരി–- ഗോതമ്പ് ശേഖരത്തിൽനിന്ന് 71.4 ലക്ഷം ടൺ പൊതുവിപണിയിൽ വിറ്റഴിക്കും. തൊട്ടു മുൻവർഷം പൊതുവിപണിയിൽ വിറ്റതിന്റെ മൂന്നിരട്ടിയോളമാണ് ഇത്.
ഉദാരവൽക്കൃതനയങ്ങളുടെ ഭാഗമായാണ് എഫ്സിഐ സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിൽ വിൽക്കുന്നതെന്ന് എഫ്സിഐ ചെയർമാൻ അതീഷ് ചന്ദ്ര പറഞ്ഞു. കഴിഞ്ഞവർഷം ഭക്ഷ്യസബ്സിഡിയിനത്തിൽ ചെലവിട്ടതിന്റെ ഏറിയപങ്കും ദേശീയ സമ്പാദ്യപദ്ധതികളിൽനിന്ന് എഫ്സിഐ എടുത്ത വായ്പകളുടെ കുടിശ്ശിക തീർക്കാനായിരുന്നു.
മഹാമാരിക്കാലത്ത് രാജ്യത്ത് പട്ടിണി വർധിച്ചിരിക്കെ ഭക്ഷ്യസബ്സിഡി ചെലവ് കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത് കുറ്റകരമായ നടപടിയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങൾക്ക് ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ആറു കോടി ടൺ ഭക്ഷ്യധാന്യം കേന്ദ്ര ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. ജനങ്ങൾക്ക് വിശപ്പകറ്റാൻ ആവശ്യമായ ഭക്ഷ്യധാന്യം വിതരണം ചെയ്യണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.