ന്യൂഡൽഹി > അധികാരത്തിൽ എത്തിയാൽ എല്ലാ വീട്ടിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് സമാജ്വാദി പാർടി നേതാവ് അഖിലേഷ് യാദവ്. കർഷകർക്ക് ജലസേചനത്തിനുള്ള വൈദ്യുതി സൗജന്യമായി നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
അതേസമയം, തന്റെ പാർടി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകാത്തത് മോശം സാമ്പത്തികസ്ഥിതി കാരണമാണെന്ന വിശദീകരണവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. ബിഎസ്പിക്ക് സ്വന്തമായ പ്രവർത്തനശൈലിയുണ്ട്. മറ്റു പാർടികളെ അനുകരിക്കേണ്ട ഗതികേടില്ലെന്നും മായാവതി പറഞ്ഞു. ബിജെപിയുടെ റാലികളിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവർ പങ്കെടുക്കുന്നു.
അഖിലേഷിന്റെ റാലികളിൽ വലിയ ജനപങ്കാളിത്തമാണ് ഉള്ളത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചില റാലിയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, മൂന്നു മാസത്തിനിടയ്ക്ക് മായാവതി ഒരു റാലിയിലും പങ്കെടുത്തിട്ടില്ല. മത്സരം തുടങ്ങുംമുമ്പ് പരാജയം മുന്നിൽക്കണ്ട് ‘ബഹൻജി’ പിന്മാറിയെന്ന് അമിത് ഷാ കഴിഞ്ഞദിവസം പ്രസംഗിച്ചിരുന്നു. പൊതുജനങ്ങളുടെ പണം കൈയിലുള്ളവർക്ക് എന്തുവേണമെങ്കിലും ചെയ്യാമെന്നായിരുന്നു മായാവതിയുടെ പ്രതികരണം.