ന്യൂഡൽഹി > അനശ്വര കലാകാരനും പൊതുപ്രവർത്തകനുമായിരുന്ന സഫ്ദർ ഹഷ്മിയുടെ 33–-ാം രക്തസാക്ഷിദിനം ആചരിച്ചു. 1989 പുതുവർഷപ്പുലരിയിൽ ഡൽഹി –- ഉത്തർപ്രദേശ് അതിർത്തിയിലെ ഝണ്ടാപുരിൽ തെരുവുനാടകം കളിക്കവെ കോൺഗ്രസ് ഗുണ്ടകളാണ് അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
തൊഴിലാളികൾക്കിടയിൽ പുരോഗമനപ്രസ്ഥാനത്തിന്റെ സ്വാധീനം വർധിക്കാൻ ഹഷ്മി നേതൃത്വം നൽകിയ ജനനാട്യമഞ്ച് വഴിയൊരുക്കിയതാണ് കോൺഗ്രസുകാരെ പ്രകോപിപ്പിച്ചത്.ഝണ്ടാപുരിൽ സിഐടിയു നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ജനനാട്യമഞ്ച്, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, കിസാൻസഭാ നേതാവ് ഡി പി സിങ്, അനുരാഗ് സിങ് എന്നിവർ സംസാരിച്ചു.