മംഗളൂരു > കർണാടകത്തിലെ ഉഡുപ്പിയിൽ സർക്കാർ വനിതാ പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ എട്ടു വിദ്യാർഥിനികളെ പുറത്താക്കി. ക്യാമ്പസിൽ മാതൃഭാഷയായ ബ്യാരി, ഉറുദു എന്നിവ സംസാരിക്കാന്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും വിദ്യാര്‍ത്ഥികള്‍.
ഒന്ന്, രണ്ടു വർഷ വിദ്യാർഥികളായ അലിയ അസാദി, ബിബി ആയിഷ പലൗകർ, ഹസ്ര ഷിഫ, ആയിഷ ഹാജിറ അൽമാസ്, മുസ്കാൻ, അലിയാ ഭാനു, സഫ, റേഷം എന്നിവരെയാണ് പുറത്താക്കിയത്. പ്രിൻസിപ്പൽ രുദ്രെ ഗൗഡ തട്ടം ധരിച്ച വിദ്യാർഥിനികളെ ക്ലാസിൽനിന്ന് ഇറക്കിവിടുകയായിരുന്നു. പിന്നീട് അഞ്ചു ദിവസം ഇവരെ കോളേജ് കവാടത്തിൽ തടഞ്ഞു. ബലമായി ക്ലാസിൽനിന്ന്ഇറക്കിവിടുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികൾ ദേശാഭിമാനിയോട് പറഞ്ഞു.
നാൽപ്പതിലധികം മുസ്ലിം വിദ്യാർഥിനികൾ ക്യാമ്പസിലുണ്ട്. അവർ ഹിജാബ് ധരിക്കാതെയാണ് വരുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. ശനിയാഴ്ച ഉഡുപ്പി ബിജെപി എംഎൽഎ രഘുപതി ഭട്ടിന്റെ അധ്യക്ഷതയിൽ കോളേജിൽ ചേർന്ന യോഗം ഹിജാബിന് അനുമതി നൽകേണ്ടെന്ന് തീരുമാനിച്ചതായി ഗൗഡ പറഞ്ഞു. അവകാശം നേടിയെടുക്കുന്നതുവരെ കോളേജിനുമുന്നിൽ പ്രതിഷേധിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.