ന്യൂഡൽഹി > ഒമിക്രോൺ ആശങ്ക ശക്തമായിരിക്കെ രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിക്കുന്നു. 24 മണിക്കൂറിൽ 22,775 രോഗികള്. കഴിഞ്ഞ ദിവസത്തേക്കാൾ 36 ശതമാനം വർധന. ഒമിക്രോൺ ബാധിതരുടെ എണ്ണം അയിരത്തിഅഞ്ഞൂറ് കടന്നു.
ഡൽഹിയിലും മഹാരാഷ്ട്രയിലും ബംഗാളിലും ഉത്തർപ്രദേശിലും പുതിയ കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. തിങ്കൾമുതൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ നാലുമടങ്ങോളം വർധനയുണ്ടായി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരുലക്ഷം കടന്നു. ബംഗാളിൽ പ്രതിദിനം 35,000 കേസുവരെ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
തിങ്കൾമുതൽ ബ്രിട്ടനിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾ ബംഗാൾ സർക്കാർ റദ്ദാക്കി. ഡൽഹിയിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
താൽക്കാലിക ആശുപത്രി സജ്ജമാക്കണം
കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ താൽക്കാലിക ആശുപത്രികൾ സജ്ജീകരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇതാവശ്യമാണ്. ഇതിനായി ഡിആർഡിഒ, സിഐഎസ്ആർ, സ്വകാര്യകമ്പനികൾ, എൻജിഒകൾ തുടങ്ങിയവയുടെ സഹായം തേടാം. ഹോട്ടലുകളും മറ്റിടങ്ങളും ആശുപത്രികളാക്കാനുള്ള സാധ്യതയും പരിശോധിക്കാം. വീടുകളിൽ സമ്പർക്കവിലക്കിലുള്ള രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ നിർദേശിച്ചു. ജില്ല, സബ്ജില്ലാ തലത്തിൽ കൺട്രോൾറൂമുകൾ സജ്ജീകരിക്കണം.
ഗ്രാമീണമേഖലകളിൽ പ്രത്യേക ശ്രദ്ധയും കുട്ടികളുടെ കാര്യത്തിൽ ജാഗ്രതയും പുലർത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.15 മുതൽ 18 വരെയുള്ളവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി. യുവാക്കൾ വാക്സിനെടുക്കാൻ ഉത്സാഹം കാണിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർഥിച്ചു.