എഎംഡി (AMD) ഗ്രാഫിക്സോടുകൂടിയ എക്സിനോസ് (Exynos)ചിപ്പ്സെറ്റിന് വേണ്ടി 2019 മുതലാണ് ചിപ്പ് നിർമാതാവായ എഎംഡിയും സാംസങും തമ്മിലുള്ള സഹകരണം ആരംഭിച്ചത്. കമ്പനിയുടെ പുതിയ പ്രൊസസർ ചിപ്പ് പുറത്തിറങ്ങാൻ പോവുന്നു എന്നാണ് പുതിയ വാർത്ത. കമ്പനിയുടെ ആദ്യ എംഎംഡി ആർഡിഎൻഎ2 ( AMD RDNA 2) ചിപ്പ് ജനുവരി 11 പുറത്തിറങ്ങും. സാംസങ് എക്സിനോസിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.
സാംസങ് എസ് 22 പരമ്പര ഫോണുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പുതിയ ചിപ്പ് അവതരിപ്പിക്കുന്നത്. ഫോൺ ഫെബ്രുവരിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എഎംഡി ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റിന്റെ (GPU) പിൻതുണയോടെയുള്ള പുതിയ പ്രൊസസർ ചിപ്പുമായാവും ഫോൺ എത്തുക.
ഗെയിമിങ് വിപണിയിൽ കാര്യമായ മാറ്റം വരാൻ പോകുന്നു. ആർഡിഎൻഎ 2 യിൽ നിർമിച്ച പുതിയ ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റോടു കൂടിയ പുതിയ എക്സിനോസിന് വേണ്ടി കാത്തിരിക്കൂ എന്ന കുറിപ്പോടെയാണ് കമ്പനി തീയ്‌യതി പ്രഖ്യാപിച്ചിരിക്കുന്നത്.
. The gaming marketplace is about to get serious. Stay tuned for the next with the new GPU born from RDNA 2. January 11, 2022.
&mdash Samsung Exynos (@SamsungExynos)
എന്താണ് ആർഡിഎൻഎ ?
റേഡിയോൺ ഗ്രാഫിക്സ് ആർക്കിടെക്ചറിനെയാണ് ആർഡിഎൻഎ പ്രതിനിധീകരിക്കുന്നത്. കമ്പനിയുടെ റേഡിയോൺ ആർഎക്സ് 5000 സീരീസ് ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റിലാണ് ഇത് ആദ്യമായി വന്നത്. സോണി പ്ലേസ്റ്റേഷൻ 5, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് സീരീസ് എസ്/എക്സ് എന്നിവയിൽ ഉപയോഗിച്ചിരിക്കുന്നത് ആർഡിഎൻഎ 2 ജിപിയു സാങ്കേതിക വിദ്യയാണ്. പുതിയ റേഡിയോൺ ആർഎക്സ് 6000 പരമ്പര ഗ്രാഫിക്സ് കാർഡുകളിലും ആർഡിഎൻഎ 2 സാങ്കേതിക വിദ്യയാണ്.
ഈ സാങ്കേതിക വിദ്യയാണ് ഇപ്പോൾ മൊബൈൽ ചിപ്പ് സെറ്റിലേക്ക് വരുന്നത്. അതുകൊണ്ടു തന്നെ ഇത് മൊബൈൽ ഗെയിമിങ് രംഗത്തെ വൻ മുന്നേറ്റമാണ്. നിലവിലുള്ള അഡ്രിനോ ഗ്രാഫിക്സിനേക്കാൾ കൂടുതൽ സാധ്യതകളാണ് ആർഡിഎൻഎ2 തുറക്കുന്നത്. എങ്കിലും സാംസങ് ഗാലക്സി എസ്22 ഫോണുകളിൽ ഇത് അവതരിപ്പിക്കപ്പെടുമോ എന്ന് വ്യക്തമല്ല.