പുറത്തിറങ്ങാനിരിക്കുന്ന ഐക്കൂ 9 പരമ്പര ഫോണുകളെ കുറിച്ച് സൂചന നൽകുന്ന ഒരു പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. ജനുവരി അഞ്ചിന് ചൈനയിൽ ഫോൺ പുറത്തിറക്കുമെന്നായിരുന്നു ഈ പോസ്റ്ററിൽ നിന്നുള്ള വിവരം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി.
ഫോൺ ജനുവരി ഒമ്പതിനാണ് പുറത്തിറക്കുകയെന്ന് വിവോയുടെ ഉപസ്ഥാപനമായ ഐക്കൂ ചൈനീസ് സോഷ്യൽമീഡിയാ സേവനമായ വേയ്ബോയിലൂടെ അറിയിച്ചു. ഫോണിന്റെ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഐക്കൂ 9 പരമ്പര ഫോണുകളിൽ ഐക്കൂ 9, ഐക്കൂ 9 പ്രോ മോഡലുകളാണുള്ളത്. ഫോണിന്റെ കളർ ഓപ്ഷനുകളിലൊന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും കമ്പനി വെയ്ബോയിൽ പങ്കുവെച്ചിരുന്നു.
ഫോണുമായി ബന്ധപ്പെട്ട വിവരങ്ങൾ
ഐക്കൂ പങ്കുവെച്ച പോസ്റ്റ് അനുസരിച്ച് ഐക്കൂ 9 സീരീസ് ഫോണുകളിലെ പ്രധാന ക്യാമറ സാംസങിന്റെ 50 എംപി ഐസിഒ സെൽ ജിഎൻ 5 സെൻസർആയിരിക്കും. സെക്കൻഡറി ക്യാമറയിൽ 150 ഡിഗ്രി അൾട്രാവൈഡ് ആംഗിൾ ലെൻസ് ആയിരിക്കും. സാംസങിന്റെ 50 എംപി ജിഎൻ 5 ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന ഫോൺ ആണിതെന്ന് കമ്പനി പറയുന്നു. കമ്പനി പുറത്തുവിട്ട പോസ്റ്ററിൽ ഏഴ് എംപി ലെൻസും വ്യക്തമാണ്. ജിംബാൽ സ്റ്റെബിലൈസേഷനും ഈ ഫോണികളിൽ ഉണ്ടാവും. അതേസമയം, 150 ഡിഗ്രി അൾട്രാവൈഡ് ലെൻസ് പ്രോ മോഡലിൽ മാത്രമേ ലഭിക്കൂ.
ഐക്കൂ പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ 120 വാട്ട് ജിഎഎൻ ചാർജർ ഉണ്ടാവുമെന്ന് വ്യക്തമാക്കുന്നു. മുമ്പുണ്ടായിരുന്ന ചാർജറുകളേക്കാൾ കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കും ഇത്. ഐക്കൂ 9 പരമ്പര ഫോണുകളിൽ 4700 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നും കമ്പനി പറയുന്നു.
സാംസങിന്റെ 6.78 ഇഞ്ച് അമോലെഡ് ഇ4 ഡിസ്പ്ലേ ആയിരിക്കും ഐക്കൂ 9 പരമ്പര ഫോണുകളിൽ എന്നാണ് സൂചന. ഫുൾ എച്ച്ഡി പ്ലസ് റസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ടാവും. 8 ജിബി റാം ശേഷിയും ഫോണിനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഐക്കൂ 9 പരമ്പര ഫോണുകളുടെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. അതിന് ജനുവരി 9 വരെ കാത്തിരിക്കാം.
Content Highlights: iQOO 9 Series will be the first phone to feature 50MP samsung GN5 Camera