ന്യൂഡൽഹി
രാജ്യത്തെ ക്രൈസ്തവർക്കുനേരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്ന വർഷമായി 2021 മാറിയെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ആക്രമണവിവരം അറിയിക്കാൻ ഫോറം ഏർപ്പെടുത്തിയ 1–-800-–-208-–-4545 എന്ന ട്രോൾ ഫ്രീ നമ്പരിൽ 486 സംഭവമാണ് റിപ്പോർട്ട് ചെയ്തത്. നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു കൂടുതൽ–-104 സംഭവം.
‘സബ് കാ സാത്ത്, സബ് കാ വികാസ്’ മുദ്രാവാക്യം പൊള്ളയായെന്ന് ഫോറം കോ–- ഓർഡിനേറ്റർ എ സി മൈക്കിൾ പറഞ്ഞു. 2014 മുതൽ ഓരോ വർഷവും ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു. 2014ൽ 127, 2015ൽ 142, 2016ൽ 226, 2017ൽ 248, 2018ൽ 292, 2019ൽ 328, 2020ൽ 279, 2021–-486 എന്നിങ്ങനെ ആക്രമണങ്ങൾ രേഖപ്പെടുത്തി.
ഉത്തർപ്രദേശിലാണ് 2021ൽ ഏറ്റവും കൂടുതൽ ആക്രമണം–-102. ഛത്തീസ്ഗഢ്–- 90, കർണാടകം–- 59, ജാർഖണ്ഡ്– -44, മധ്യപ്രദേശ്– -38. കേരളത്തിൽ ഇത്തരത്തില് ആക്രമണമുണ്ടായതായി റിപ്പോര്ട്ടില്ല. മതംമാറ്റൽ ശ്രമം ആരോപിച്ച് മതതീവ്രവാദസംഘങ്ങൾ രാജ്യമെമ്പാടും ക്രൈസ്തവരെ ആക്രമിക്കുന്നു. നിയമലംഘകർക്ക് പൊലീസ് സംരക്ഷണം ലഭിക്കുന്നു. അക്രമികളെ അറസ്റ്റ് ചെയ്താൽ പൊലീസ് സ്റ്റേഷനുകൾക്കു പുറത്ത് വർഗീയമുദ്രാവാക്യങ്ങളുമായി സംഘംചേരുന്നു. 34 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പല സംസ്ഥാനങ്ങളിലും മതംമാറ്റ നിരോധനനിയമം 50 വർഷത്തിലേറെയായി നിലവിലുണ്ടെങ്കിലും ക്രൈസ്തവർ ആരും കോടതിയിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് ഫോറം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനസംഖ്യയിൽ 2.3 ശതമാനം മാത്രമാണ് ക്രൈസ്തവർ.
ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തു ; സംഘപരിവാറുകാരെ
ആട്ടിപ്പായിച്ച് സ്ത്രീകൾ
കർണാടകത്തിൽ ക്രിസ്മസ് ആഘോഷിച്ചത് ചോദ്യം ചെയ്യാനെത്തിയ സംഘപരിവാറുകാരെ സ്ത്രീകൾ തുരത്തി. തുമകുറുവിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീട്ടിലേക്ക് കയറിച്ചെന്ന സംഘപരിവാർ വീട്ടുകാർ ക്രിസ്മസ് ആഘോഷിക്കുന്നതും ഹിന്ദു സ്ത്രീകൾ സിന്ദൂരം തൊടാത്തതും ചോദ്യം ചെയ്തു. കുടുംബം ക്രിസ്തുമതത്തിലേക്ക് മാറിയെന്നും ഒരാൾ പറഞ്ഞു. എന്നാൽ, എന്ത് പ്രാർഥിക്കണമെന്നത് തങ്ങളുടെ അവകാശമാണെന്ന് മതപരിവർത്തന ആരോപണം നിഷേധിച്ച് സ്ത്രീകൾ തിരിച്ചടിച്ചു. പൊലീസ് എത്തിയതോടെ സംഘപരിവാരങ്ങള് സ്ഥലംവിട്ടു. ആരും പരാതി നൽകിയിട്ടില്ല.