കൊച്ചി
അഞ്ചുദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കൊച്ചിയിൽ ഊഷ്മള സ്വീകരണം. ചെന്നൈയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വെള്ളി രാവിലെ 10ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ സംസ്ഥാന സർക്കാരിനുവേണ്ടി വ്യവസായമന്ത്രി പി രാജീവ് സ്വീകരിച്ചു. മേയർ എം അനിൽകുമാർ, കെ ജെ മാക്സി എംഎൽഎ, റിയർ അഡ്മിറൽ ആന്റണി ജോർജ്, കലക്ടർ ജാഫർ മാലിക്, സിറ്റി പൊലീസ് കമീഷണർ സി നാഗരാജു, അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ഉണ്ടായിരുന്നു. 10.45ന് വ്യോമസേനയുടെ മറ്റൊരു വിമാനത്തിൽ ലക്ഷദ്വീപിലേക്കു പോയ ഉപരാഷ്ട്രപതിക്ക് യാത്രയയപ്പും നൽകി. ഞായർ രാവിലെ ഉപരാഷ്ട്രപതി കൊച്ചിയിൽ തിരികെ എത്തും. രണ്ട്, മൂന്ന് തീയതികളിൽ കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം നാലിന് രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിൽനിന്ന് മടങ്ങും.