ന്യൂഡൽഹി
കർശന നിയന്ത്രണത്തിലാണ് രാജ്യം പുതുവർഷത്തെ വരവേറ്റത്. മഹാരാഷ്ട്രയിൽ പുതുവർഷആഘോഷം കർശനമായി നിയന്ത്രിച്ചു. മുംബൈയിൽ ഒരാഘോഷവും അനുവദിച്ചില്ല. മത, സാംസ്കാരിക കൂട്ടായ്മകളും വിലക്കി. ഈ മാസം 15വരെ പൊതു സ്ഥലങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ച് വരെ നിയന്ത്രണം തുടരും. ഡൽഹിയിൽ മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം വർധിപ്പിക്കാൻ അടിയന്തര നടപടി തുടങ്ങി. 99.66 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റുകൾ സജ്ജീകരിച്ചു. ബുധനാഴ്ച നാല് പ്ലാന്റുകൂടി പ്രവർത്തനം തുടങ്ങും. കഴിഞ്ഞ കോവിഡ് തരംഗത്തിൽ ഡൽഹിയിൽ മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമായിരുന്നു.
വീണ്ടും ഒമിക്രോൺ മരണം
രാജസ്ഥാനിൽ ഒമിക്രോൺ പോസിറ്റീവായ എഴുപത്തിമൂന്നുകാരൻ മരിച്ചു. അദ്ദേഹം രോഗമുക്തനായിരുന്നെന്ന്ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഒമിക്രോൺ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണോയെന്നതിൽ അന്തിമതീരുമാനം തെരഞ്ഞെടുപ്പ് കമീഷന്റേതാണെന്ന് ആരോഗ്യമന്ത്രാലയം വൃത്തങ്ങൾ പ്രതികരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യുപിയില് ബിജെപി അടക്കമുള്ള പാർടികൾ വൻറാലികൾ സംഘടിപ്പിക്കുന്നുണ്ട്.
രോഗക്കുതിപ്പ്
രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കുതിച്ചുമുന്നേറുന്നു. മൊത്തം ഒമിക്രോൺ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിലേക്ക്. ഡെൽറ്റയെ മറികടന്ന് ഒമിക്രോൺ പിടിമുറുക്കുന്നെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 24 ഇടത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ബിഹാറിലും രോഗമെത്തി. മഹാരാഷ്ട്ര–- 450, ഡൽഹി–-320, ഗുജറാത്ത്–- 97, രാജസ്ഥാൻ–-69, തെലങ്കാന–-62, തമിഴ്നാട്–-46, കർണാടകം–-34 എന്നിങ്ങനെയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണം.
18 ശതമാനത്തിനും ഒമിക്രോൺ
ഡിസംബർ 12 വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് കോവിഡ് പോസിറ്റീവായ 18 ശതമാനത്തോളം സാമ്പിളുകളിൽ ഒമിക്രോൺ സ്ഥിരീകരിച്ചെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഒമിക്രോൺ സൃഷ്ടിക്കുന്ന ആഘാതം താരതമ്യേന കുറവായിരിക്കുമെങ്കിലും ആരോഗ്യസംവിധാനത്തിന് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പ്രതികരിച്ചു.