ന്യൂഡൽഹി
മഹാരാഷ്ട്രയിൽ 2019ലെ തെരഞ്ഞെടുപ്പിനുശേഷം എൻസിപി–- ബിജെപി സർക്കാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി താൽപ്പര്യം പ്രകടിപ്പിച്ചെന്ന ശരദ് പവാറിന്റെ വെളിപ്പെടുത്തൽ നിഷേധിക്കാതെ ബിജെപി. ചർച്ചകളെക്കുറിച്ച് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫദ്നാവിസ് വ്യക്തമാക്കിയിട്ടുണ്ടെന്നും അതൊക്കെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ താൽപ്പര്യമില്ലെന്നും ബിജെപി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാർ അർധസത്യമാണ് പറയുന്നതെന്നും ഉപാധ്യായ അവകാശപ്പെട്ടു.
പുണെയിൽ കഴിഞ്ഞ ദിവസം നടന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച നിർദേശം പവാർ വെളിപ്പെടുത്തിയത്. മോദിയുടെ നിർദേശം താൻ തള്ളിയെന്നും പവാർ പറഞ്ഞു. ഏതുവിധത്തിലും സർക്കാർ രൂപീകരിക്കാൻ ബിജെപി പലരെയും സമീപിച്ചു. വാഗ്ദാനങ്ങളെക്കുറിച്ച് പവാർ ശിവസേനയെ അതത് സമയം അറിയിച്ചിരുന്നു–-ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
വാഗ്ദാനം ചെയ്ത മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് 2019ലെ തെരഞ്ഞെടുപ്പിനുശേഷം ശിവസേന ആവശ്യപ്പെട്ടെങ്കിലും ബിജെപി വാക്ക് പാലിച്ചില്ല. ഇതോടെ ശിവസേന സഖ്യം വിട്ടു. ഫദ്നാവിസ് തിരക്കിട്ട് സർക്കാർ രൂപീകരിച്ചെങ്കിലും ദിവസങ്ങൾക്കകം രാജിവച്ചു. പിന്നീട് എൻസിപി–- ശിവസേന–- കോൺഗ്രസ് മുന്നണി സർക്കാർ നിലവിൽവന്നു.