ഓക്ലാന്ഡ്
പ്രതിസന്ധികള്ക്കും വെല്ലുവിളികള്ക്കുമിടയില് പുതുവര്ഷത്തെ വരവേറ്റ് ലോകം. പസഫിക് ദ്വീപ് രാജ്യമായ ടോങ്കയിലാണ് ലോകത്താദ്യമായി 2022 പിറന്നത്. പസഫിക്കിലെ അന്താരാഷ്ട്ര ദിനമാറ്റ രേഖയുടെ തൊട്ടു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ടോങ്കയില് 31ന് ഇന്ത്യന് സമയം വൈകിട്ട് 3.30നാണ് പുതുവര്ഷമെത്തിയത്. പിന്നാല സമോവ, കിരിബാത്തി എന്നിവിടങ്ങളിലും പുതുവര്ഷം പിറന്നു. കോവിഡിന്റെ പശ്ചാത്തലത്തില് ചെറിയ ആഘോഷങ്ങള് മാത്രമായിരുന്നു ഈ രാജ്യങ്ങളില് സംഘടിപ്പിച്ചത്.
പുതുവര്ഷത്തെ ആഘോഷാരവങ്ങളോടെ ലോകത്താദ്യം വരവേറ്റത് ന്യൂസിലന്ഡായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.25ന് ന്യൂസിലന്ഡില് പുതുവര്ഷം പിറന്നു. ഓക്ലന്ഡില് വര്ണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം 2022 നെ വരവേറ്റു. റഷ്യയുടെ കിഴക്കന് പ്രദേശത്തിന്റെ ഭാഗമായ കാംചത്കയില് വൈകിട്ട് 5.25നും ഓസ്ട്രേലിയയില് വൈകിട്ട് 6.25നും പുതുവര്ഷം എത്തി. സിഡ്നി ഒപ്പേറ ഹൗസിലും ഹാര്ബര് ബ്രിഡ്ജിലും ചരിത്ര പ്രശസ്തമായ കരിമരുന്നു പ്രയോഗത്തോടെ പുതുവര്ഷ ആഘോഷങ്ങള് നടന്നു.
ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ചൈന, ഫിലിപ്പീൻസ്, സിംഗപ്പുർ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് മുമ്പേ പുതുവര്ഷത്തെ വരവേറ്റു. യുഎസിന് സമീപമുള്ള ജനവാസമില്ലാത്ത ഹൗലാൻഡ്, ബേക്കർ ദ്വീപുകളിലാകും പുതുവര്ഷത്തിലേക്ക് ഏറ്റവുമൊടുവില് പ്രവേശിക്കുന്നത്. ജനുവരി ഒന്നിന് ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് ഇവിടെ 2022 പിറക്കുക.
എങ്ങും കരുതല്, നിയന്ത്രണം
വെല്ലിങ്ടണ്
ആഗോളതലത്തില് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില് കര്ശന നിയന്ത്രണങ്ങളോടെയാണ് ലോകം തുടര്ച്ചയായി രണ്ടാം തവണയും പുതുവത്സരം ആഘോഷിക്കുന്നത്. ഒമിക്രോണ് ആഴ്ചകള്കൊണ്ട് 115 രാജ്യത്തിൽ റിപ്പോര്ട്ട് ചെയ്തതിനെത്തുടര്ന്ന് പലയിടത്തും ആഘോഷങ്ങള്ക്ക് നിറംമങ്ങി. പല വന് നഗരത്തിലും ആള്ക്കൂട്ടം തിങ്ങിക്കൂടിയേക്കാവുന്ന പരിപാടികൾ റദ്ദാക്കി. ന്യൂസിലന്ഡില് ഒമിക്രോണ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കരുതലെന്നോണം പലനഗരങ്ങളിലും പരമ്പരാഗതമായി നടത്തിവന്നിരുന്ന വെടിക്കെട്ടുകളുള്പ്പെടെ റദ്ദാക്കി.
നിയന്ത്രണങ്ങളോടെ ഓസ്ട്രേലിയ പുതുവര്ഷം ആഘോഷമാക്കി. ദക്ഷിണ കൊറിയയിൽ, കോവിഡ് കേസിന്റെ വർധന കാരണം പുതുവത്സരത്തോട് അനുബന്ധിച്ചുള്ള പരമ്പരാഗത മണിമുഴക്കല് ചടങ്ങ് രണ്ടാംവർഷവും റദ്ദാക്കി. മിക്ക യൂറോപ്യന് രാജ്യത്തിലും കര്ശന നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ഇന്തോനേഷ്യയില് വെടിക്കെട്ടും പരേഡുകളും മറ്റു വലിയ പരിപാടികളും നിരോധിച്ചിട്ടുണ്ട്. ചൈനയിൽ ലക്ഷക്കണക്കിനു കാണികളെ ആകർഷിക്കുന്ന ഹുവാങ്പു നദിക്കരയിലെ ലൈറ്റ് ഷോ ഷാങ്ഹായ് സർക്കാർ റദ്ദാക്കി. രാജ്യത്തുടനീളം കര്ശന പരിശോധനയും യാത്രാ നിയന്ത്രണവുണ്ട്.
തായ്ലൻഡില് ബുദ്ധക്ഷേത്രങ്ങളില് നടത്തുന്ന പുതുവത്സര പ്രാർഥനകളില് ഇത്തവണ ആളുകള്ക്ക് ഓൺലൈനിലൂടെ പങ്കെടുക്കാം. കോവിഡിനൊപ്പം രണ്ടാഴ്ച മുമ്പ് ആഞ്ഞടിച്ച റായ് ചുഴലിക്കാറ്റ് ഫിലിപ്പീന്സിലെ പുതുവത്സരാഘോഷങ്ങളുടെ നിറംകെടുത്തി.