ന്യൂഡൽഹി
കേരളമാതൃകയിൽ ബിഹാറിൽ കർഷകത്തൊഴിലാളി ക്ഷേമബോർഡ് രൂപീകരിക്കണമെന്ന് ബിഹാറിലെ കർഷകത്തൊഴിലാളി സംഘടനകളുടെ സംസ്ഥാനതല കൺവൻഷൻ ആവശ്യപ്പെട്ടു. മിച്ചഭൂമി ദളിതർക്കും ഭൂരഹിതർക്കും വിതരണം ചെയ്യുക, കുടികിടപ്പ് അവകാശം സംരക്ഷിക്കുക, പട്ടയം നൽകുക, ദളിതർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവർക്കുനേരെയുള്ള അതിക്രമങ്ങൾ തടയുക, ജാതിഅതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പട്നയിൽ ചേർന്ന സംയുക്ത കൺവൻഷൻ അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കർഷകത്തൊഴിലാളിക്ക് 1600 രൂപ പെൻഷൻ ലഭിക്കുമ്പോൾ ബിഹാറിൽ 400 രൂപപോലും ലഭിക്കാത്തതിന്റെ രാഷ്ട്രീയം തൊഴിലാളികൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 23, 24 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു .എംഎൽഎമാരായ ഗോപാൽ രവിദാസ്, വിജേന്ദ്ര ഗുപ്ത, സത്യദേവ് റാം, കർഷക തൊഴിലാളി സംഘടനകളുടെ ഭാരവാഹികളായ ബോലാ പ്രസാദ് ദിവാകർ, ദേവേന്ദ്ര ചൗരസ്യ, നാഗേന്ദ്രനാഥ് ഓജ, രമാകാന്ത്, ജാനകി പാസ്വാൻ, ധീരേന്ദ്ര ഝാ എന്നിവർ സംസാരിച്ചു.