ശ്രീനഗർ
ജമ്മു കശ്മീരിലെ പാന്ത ചൗക്കിൽ വെള്ളിയാഴ്ച മൂന്നു ജെയ്ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു. മൂന്നു പൊലീസുകാര്ക്കും രണ്ടു സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഡിസംബർ 13ന് മൂന്നു പൊലീസുകാരെ വെടിവച്ച് കൊന്ന കേസിലെ പ്രതി സുഹൈൽ അഹമ്മദ് റാത്തറാണെന്ന് സൈന്യം അറിയിച്ചു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല, പാക് സ്വദേശികളാണെന്ന് സംശയമുണ്ടെന്ന് സൈന്യം പറഞ്ഞു. കശ്മീരിൽ രണ്ടു ദിവസത്തിനിടെ ഒമ്പതു ഭീകരരെയാണ് വധിച്ചത്.
ഒരു വർഷത്തിനിടെ 100 ഓപ്പറേഷനിലായി 184 ഭീകരരെ വധിച്ചതായി ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. ഈ വർഷം 134 യുവാക്കൾ ഭീകരസംഘടനകളിൽ ചേർന്നു. അവരിൽ 72 പേരെ തിരിച്ചുകൊണ്ടുവരാനായെന്നും 22 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.