ന്യൂഡൽഹി
മന്ത്രിസഭാ വികസനത്തിന്റെ പേരിൽ ഹരിയാന ബിജെപിയിൽ തമ്മിലടി. അടി മൂത്തതോടെ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയുമെന്ന് മുതിർന്ന നേതാവ് അനിൽ വിജ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറെ അറിയിച്ചു. അനിലിന്റെ കൈവശമുണ്ടായിരുന്ന നഗരവികസന വകുപ്പ് പുതിയ മന്ത്രി കമൽ ഗുപ്തയ്ക്ക് നൽകിയതാണ് പ്രകോപനത്തിനു കാരണം.
ബിജെപിയിൽനിന്നുള്ള ഗുപ്തയും ജെജെപിയിലെ ദേവീന്ദർസിങ് ബാബ്ലിയും കഴിഞ്ഞദിവസമാണ് മന്ത്രിസഭയിലെത്തിയത്.
ഈ സത്യപ്രതിജ്ഞാ ചടങ്ങും വിജ് ബഹിഷ്കരിച്ചു. ആറു തവണ എംഎൽഎയായ വിജ് ആരോഗ്യം, സാങ്കേതിക വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പും കൈയാളുന്നുണ്ട്. ഒരു വർഷമായി മുഖ്യമന്ത്രിയുമായി അസ്വാരസ്യത്തിലാണ്. പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ നിയന്ത്രണം മുഖ്യമന്ത്രി ഏറ്റെടുത്തതാണ് കാരണം.