കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ “ഹൃദയരാഗങ്ങൾ’ ആണ് മലയാളത്തിൽനിന്ന് പുരസ്കാരത്തിന് അർഹമായത്. ആറു പതിറ്റാണ്ടോളമായി നോവൽ, ചെറുകഥ, തിരക്കഥ, ജീവചരിത്രം, നിരൂപണം, ഗവേഷണം തുടങ്ങിയ സാഹിത്യമേഖലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് അദ്ദേഹം. 1970കളുടെ തുടക്കംമുതൽ നോവൽ രചനയിൽ കേന്ദ്രീകരിച്ച ഓണക്കൂറിന്റെ പ്രസിദ്ധ കൃതികളാണ് അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, കൽത്താമര, കാമന, ഉഴവുചാലുകൾ, സമതലങ്ങൾക്കപ്പുറം, പർവതങ്ങളിലെ കാറ്റ്, ഭൂമിയുടെ സ്പന്ദനം തുടങ്ങിയവ. കാൽപ്പനികസ്പർശമുള്ള ഭാവചാരുതയാർന്ന ആഖ്യാനം വായനക്കാർക്ക് പ്രിയങ്കരമാക്കി.
ഓണക്കൂറിന്റെ തിരക്കഥയെ ആധാരമാക്കിയ കെ ജി ജോർജിന്റെ “ഉൾക്കടൽ’ മലയാളത്തിൽ ഏറെ സ്വീകരിക്കപ്പെട്ട ക്യാമ്പസ് സിനിമയായിരുന്നു. പ്രണയത്തിന്റെ വ്യത്യസ്തവും ഹൃദ്യവുമായ ദൃശ്യാലേഖനമായിരുന്നു ആ ചിത്രം. ചലച്ചിത്രപ്രേമികൾക്ക് ഗൃഹാതുരത്വം പകരുന്ന സിനിമയാണത്. എന്റെ നീലാകാശം, ലയം, യമനം തുടങ്ങി പത്തോളം ചലച്ചിത്രത്തിന് അദ്ദേഹം തിരക്കഥയെഴുതി.
എറണാകുളം പിറവത്തിനടുത്തുള്ള ഓണക്കൂർ ഗ്രാമത്തിൽ കർഷക കുടുംബത്തിൽ ജനിച്ച് നാട്ടിലെ വിദ്യാലയത്തിൽ പഠിച്ച്, ഗ്രാമീണ വായനശാലയിൽനിന്ന് പുസ്തകങ്ങൾ വായിച്ചുവളർന്ന യുവാവ് സാംസ്കാരികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് സാഹിത്യാഭിമുഖ്യം വളർന്നു. അത് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനും കോളേജ് അധ്യാപകനാകുന്നതിനും വഴിയൊരുക്കി. തിരുവനന്തപുരത്ത് എത്തിയതോടെ സാംസ്കാരികരംഗത്ത് സക്രിയമായി. വിപുലമായ ശിഷ്യസമ്പത്തും നേടി. എകെപിസിടിഎയുടെ പ്രവർത്തനങ്ങളിലും കാര്യമായ പങ്കുവഹിച്ചു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടറായും പ്രവർത്തിച്ചു.
സംഭവബഹുലവും ചടുലവുമായ ജീവിതത്തെ തിരിഞ്ഞുനോക്കുന്ന കൃതിയാണ് ജോർജ് ഓണക്കൂറിന്റെ ആത്മകഥ ഹൃദയരാഗങ്ങൾ. വ്യക്തിപരമായ സുഖദുഃഖങ്ങളും അധ്യാപനജീവിതത്തിലെ അനുഭവങ്ങളും സാഹിത്യരചനയുടെ ആത്മക്ഷോഭങ്ങളും സാംസ്കാരികരംഗത്തെ ഇടപെടലുകളും ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ബാല്യകൗമാരങ്ങളിലെ അനുഭവങ്ങൾ ഏറെ ഉള്ളിൽത്തട്ടുന്നതാണ്. ഗ്രാമീണജീവിതത്തിന്റെ ഇല്ലായ്മകൾക്കും വല്ലായ്മകൾക്കുമിടയിൽ പുലർന്നിരുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ഒരുപാടു മുഖങ്ങൾ അവിടെ കാണാം. കൃതഹസ്തനായ നോവലിസ്റ്റിന്റെ രചനാവൈഭവത്തിന്റെ മുദ്ര പതിഞ്ഞ ഭാഗങ്ങളാണവ. ഒരു ഗ്രാമീണന്റെ ആർജവമുള്ള മനസ്സ് ഈ ആത്മകഥയിൽ സ്പന്ദിക്കുന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ പുരസ്കാരം എഴുത്തുകാരന്റെ സുദീർഘമായ സാഹിത്യജീവിതത്തിനു ലഭിച്ച അംഗീകാരംകൂടിയാണ്. മലയാളത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളായ രഘുനാഥ് പലേരിയുടെ “അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിക്ക് ലഭിച്ച ബാലസാഹിത്യ പുരസ്കാരവും അർഹതയ്ക്കുള്ള അംഗീകാരംതന്നെ. കുട്ടികളുടെ ഭാവനയ്ക്ക് നിറംപകരാൻ കഴിയുന്ന രചനയാണത്. യുവസാഹിത്യപുരസ്കാരം ലഭിച്ച മോബിൻ മോഹന്റെ “ജക്കരന്ത’ വ്യത്യസ്തമായ ഒരു ജീവിതാന്തരീക്ഷത്തെ ആവിഷ്കരിക്കുന്ന കൃതിയാണ്. മികവാർന്ന ഒരു സാഹിത്യജീവിതത്തിലേക്ക് മുന്നേറാൻ ഈ പുരസ്കാരം യുവാവായ ഗ്രന്ഥകാരന് ഊർജംപകരട്ടെ.