ന്യൂഡൽഹി
ദേശീയ വിദ്യാഭ്യാസനയത്തിനും ഫീസ് വർധനയ്ക്കുമെതിരെ പുതുവർഷത്തിൽ ശക്തമായ പോരാട്ടമെന്ന് എസ്എഫ്ഐ. ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധിച്ച 11 വിദ്യാർഥികളെ പോണ്ടിച്ചേരി സർവകലാശാല അഞ്ചുവർഷത്തേക്ക് ഡീബാർ ചെയ്തു. 19 പേരെ കുരുക്ഷേത്ര സർവകലാശാലയും മൂന്നുപേരെ വിശ്വഭാരതിയും പുറത്താക്കി. വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനായി കോവിഡ് കാലത്തെ നിയന്ത്രണങ്ങളും ലാക്കാക്കുന്നുണ്ട്. ഡിജിറ്റൽ പഠനത്തിനുള്ള സൗകര്യമില്ലാതെ നിരവധി വിദ്യാർഥികളുടെ പഠനം പാതിവഴിയിൽ മുടങ്ങിയതായി എസ്എഫ്ഐ നടത്തിയ സർവേയിൽ കണ്ടെത്തി. ഇവരെ തിരികെ സ്കൂളിൽ എത്തിക്കാൻ ‘ആന്റി ഡ്രോപൗട്ട്’ പദ്ധതി എസ്എഫ്ഐ നടപ്പാക്കും. സമരത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥികളെ സംഘടനാപരമായും നിയമപരമായും സഹായിക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസനയം തിരുത്തുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോയിന്റ് സെക്രട്ടറി ദീപ്ഷിത ധർ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി ഓഫീസിൽ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് പതാക ഉയർത്തി.