ന്യൂഡൽഹി
മുന്നാക്കകാരില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) നീറ്റ് പിജി പ്രവേശനത്തില്‍ സംവരണം കിട്ടാനുള്ള വാര്‍ഷികവരുമാനപരിധി എട്ടു ലക്ഷമായി നിശ്ചയിച്ച സർക്കാർ നടപടി തിരുത്തേണ്ടതില്ലെന്ന് വിദഗ്ധസമിതി. സമിതിയുടെ 90 പേജ് റിപ്പോർട്ടും സത്യവാങ്മൂലവും ഉടൻ സുപ്രീംകോടതിയിൽ സമർപ്പിക്കും.
പിന്നോക്കവിഭാഗത്തിന് സംവരണം അനുവദിക്കാൻ എട്ട് ലക്ഷമാണ് വാർഷികവരുമാനപരിധി. ഇതേ തുക മുന്നാക്ക സംവരണത്തിനും ബാധകമാക്കിയതിനെ സുപ്രീംകോടതി നേരത്തെ വിമർശിച്ചിരുന്നു. അഖിലേന്ത്യാ ക്വോട്ടയിൽ പിന്നോക്കവിഭാഗക്കാർക്ക് 27 ശതമാനവും മുന്നാക്കകാരിലെ പിന്നാക്കത്തിന് 10 ശതമാനവും സംവരണം അനുവദിച്ച വിജ്ഞാപനം സ്റ്റേ ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെയാണ് വരുമാനപരിധി പരിശോധിക്കാൻ മുൻ ധന സെക്രട്ടറി അജയ്ഭൂഷൺ പാണ്ഡെ അധ്യക്ഷനായ വിദഗ്ധസമിതിക്ക് കേന്ദ്രം രൂപംകൊടുത്തത്. ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നും 2020ൽ നീറ്റ് സംവരണത്തിന് അർഹരായ വിദ്യാർഥികളിൽ 91 ശതമാനം പേരുടെയും കുടുംബങ്ങളുടെ വാർഷികവരുമാനപരിധി അഞ്ചു ലക്ഷത്തിനു താഴെയായിരുന്നെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
71 ശതമാനം വിദ്യാർഥികൾ രണ്ടു ലക്ഷത്തിനു താഴെ വാർഷികവരുമാനമുള്ളവരാണ്. ജെഇഇ–-2020 കണക്കും സമാനമായ ചിത്രമാണ് നൽകുന്നത്. ഇതിൽ ഇഡബ്ല്യുഎസ് വിഭാഗക്കാരായവരിൽ 95 ശതമാനത്തിന്റെയും കുടുംബത്തിന്റെ വാർഷികവരുമാനപരിധി അഞ്ച്–ആറ് ലക്ഷമാണ്.
ഒബിസി ക്രീമിലെയറിനെ നിശ്ചയിക്കാൻ തീരുമാനിച്ച അതേ വരുമാനപരിധിതന്നെ പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനും മാനദണ്ഡമാക്കാമെന്നും സിൻഹോ കമീഷൻ ശുപാർശ ചെയ്തിട്ടുള്ളതും സമിതി റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൂടി പരിഗണിച്ചശേഷം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.