ന്യൂഡൽഹി
മൂന്നാംതരംഗത്തിന് വഴിയൊരുക്കി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒറ്റദിവസം നാൽപ്പത് ശതമാനം വർധന. വ്യാഴാഴ്ച രോഗികള്‍ 13,154, മരണം 268. ഒമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത് ആയിരം കടന്നു. എട്ട് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം.
രോഗസ്ഥിരീകരണം 10 ശതമാനത്തിന് മേലെയായ ഡൽഹി, ഹരിയാന, തമിഴ്നാട്, ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടകം, ജാർഖണ്ഡ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം കത്തയച്ചു. പരിശോധനകൾ കൂട്ടാനും ആശുപത്രി സംവിധാനം മെച്ചപ്പെടുത്താനും വാക്സിൻ വേഗം കൂട്ടാനുമാണ് ആവശ്യം. രോഗവര്‍ധനവിന്റെ തോത് നോക്കിയാല്‍ ഡല്‍ഹിയിലും മുംബൈയിലും കോവിഡിന്റെ മൂന്നാംതരംഗത്തിന് തുടക്കമാ യെന്ന് അനുമാനിക്കാമെന്ന് മഹാ രാഷ്ട്ര കോവിഡ് ദൗത്യസം ഘാംഗമായ ഡോ. രാഹുല്‍ പ ണ്ഡിത് പറഞ്ഞു.
മഹാരാഷ്ട്രയിൽ വ്യാപനം അതിവേഗമാണ്. വ്യാഴം 5368പേർക്ക് രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ചത്തേക്കാൾ 1500 രോഗികൾ കൂടുതൽ. 22 മരണവും. 198 പേർക്കുകൂടി വൈറസ് വകഭേദം സ്ഥിരീകരിച്ചതോടെ ഒമിക്രോൺ രോഗികൾ 450 ആയി. മുംബൈയിൽമാത്രം 3671 കേസാണ്. കൊൽക്കത്തയിൽ ഒറ്റ ദിവസംകൊണ്ട് രോഗികൾ ഇരട്ടിയായി. വ്യാഴാഴ്ച 1090 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണ നിരക്ക് 12.5 ശതമാനം. ബംഗാളിൽ 2128 കേസ് റിപ്പോർട്ടു ചെയ്തു. ഡൽഹിയിൽ 1313 പേർക്കും രോഗം സ്ഥിരീകരിച്ചു. മുൻദിവസത്തേക്കാൾ 44 ശതമാനം അധികം. ആകെ രോഗത്തിന്റെ 46 ശതമാനവും ഒമിക്രോണ്‍ മൂലം. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാളും ഐസിഎംആർ ഡിജി ബൽറാം ഭാർഗവയും പറഞ്ഞു.
ആദ്യ ഒമിക്രോണ്‍ മരണം മഹാരാഷ്ട്രയില്‍
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. നൈജീരിയയിൽ നിന്നെത്തിയ 52 കാരനാണ് മരിച്ചത്. എന്നാൽ മരണം കോവിഡ് മൂലമല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അവകാശപ്പെട്ടു. പിമ്പ്രി ചിൻച്വാഡിലെ യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് മരണം