തൃശൂർ > മുഖ്യമന്ത്രി കൈയിൽ പിടിച്ചപ്പോൾ ഒരുവേള രാധാകൃഷ്ണൻ അവശത മറന്നു; ആ കൈകൾ മുഖത്തോടുചേർത്തു. നാടിനുവേണ്ടി ജീവൻ വെടിഞ്ഞ ധീരസൈനികന്റെ കുടുംബത്തിന് ആശ്വാസത്തിന്റെ നിമിഷങ്ങളായി മുഖ്യമന്ത്രിയുടെ സന്ദർശനം.
ഊട്ടി ഹെലികോപ്റ്റർ ദുരന്തത്തിൽ കൊല്ലപ്പെട്ട ധീര സൈനികൻ എ പ്രദീപിന്റെ പൊന്നൂക്കരയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. പ്രദീപിന്റെ ചിത്രത്തിൽ പൂക്കളർപ്പിച്ചശേഷം, കൃത്രിമശ്വാസത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന അച്ഛൻ രാധാകൃഷ്ണന്റെ അടുത്തെത്തി കൈകൾ ചേർത്തുപിടിച്ചു. രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ കൈകൾ മുഖംത്താടുചേർത്തു. പ്രദീപിന്റെ കുഞ്ഞുമക്കളായ ദക്ഷ്വിൻദേവ് , ദേവപ്രയാഗ എന്നിവരോട് വിശേഷങ്ങൾ ചോദിച്ചു. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, സഹോദരൻ പ്രസാദ് എന്നിവരേയും സാന്ത്വനിപ്പിച്ച് മടക്കം.
മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി നായർ, സിപിഐ എം ഏരിയ സെക്രട്ടറി കെ പി പോൾ, ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു തുടങ്ങിയവരും വീട്ടിലെത്തി. ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസറായ പ്രദീപ് ഡിസംബർ 8 നാണ് വീരമൃത്യു വരിച്ചത്.
പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എംകോംകാരിയായ ശ്രീലക്ഷ്മിക്ക് തൃശൂർ ജില്ലയിൽ ക്ലാസ് 3 തസ്തികയിലായിരിക്കും നിയമനം. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സൈനിക ക്ഷേമ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപയും അച്ഛന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും നൽകും.