ന്യൂഡൽഹി
രാജ്യത്തെ നിലവിലെ സാമൂഹ്യസാഹചര്യത്തിൽ കഠിനവേദനയും ദുഃഖവും പ്രകടിപ്പിച്ച് വിഖ്യാത അഭിനേതാവ് നസറുദ്ദീൻ ഷാ. ഹരിദ്വാറിൽ ചേർന്ന തീവ്രഹിന്ദുത്വ ആശയക്കാരുടെ യോഗം ഇന്ത്യയിൽനിന്ന് മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തതിൽ നടുക്കം രേഖപ്പെടുത്തിയ അദ്ദേഹം രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് ഇത്തരം ആഹ്വാനങ്ങൾ നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി.ആർക്കും വീട്ടിൽനിന്ന് എന്നെ പുറത്താക്കാനാകില്ല. മുസ്ലിംവിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചാൽ പ്രതിരോധിക്കാൻ നീക്കമുണ്ടാകുമെന്നും ദി വയറിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ഇവിടെ ജനിച്ചവരാണ്, ഇവിടെയാണ് വളർന്നത്, പ്രതിസന്ധി വന്നാൽ സ്വയം പ്രതിരോധിക്കും. ഞങ്ങളുടെ വീടുകളെയും കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കും’–- നസറുദ്ദീൻ ഷാ പറഞ്ഞു.
വംശീയവിദ്വേഷം വമിക്കുന്ന പ്രചാരണം ദേശീയനേതാക്കൾ നടത്തുമ്പോൾ ഭരണഘടനയുടെ അന്തഃസത്ത ചോദ്യംചെയ്യപ്പെടുകയാണെങ്കിലും പ്രധാനമന്ത്രിക്ക് ഇതൊന്നും ഒരു വിഷയമല്ല. മോദി ഭരിക്കുന്ന ഇന്ത്യയിൽ മുസ്ലിംവിഭാഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ആസൂത്രിതനീക്കം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.