ന്യൂഡൽഹി
യുകെയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള എല്ലാ വിമാനവും ജനുവരി മൂന്നുവരെ റദ്ദാക്കി. ഗുജറാത്തിൽ കോവിഡ് നിയന്ത്രണം ജനുവരി ഏഴുവരെ നീട്ടി. ചെന്നൈയിൽ ബീച്ചിലും ബീച്ചിലേക്കുള്ള റോഡുകളിലും പുതുവത്സരാഘോഷം വിലക്കി. ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രവർത്തിക്കാമെങ്കിലും ഡിജെ പാർടികളും മറ്റും അനുവദിക്കില്ല. ഒഡിഷയിൽ എല്ലാ മത–- സാമൂഹ്യ കൂട്ടായ്മകളും വിലക്കി. രാഷ്ട്രീയ യോഗങ്ങളിൽ പരമാവധി 100 പേർ. ഡൽഹിയിൽ അമ്പലങ്ങൾ അടച്ചു. ഹൈക്കോടതിയും ജില്ലാ കോടതികളും ജനുവരി മൂന്നുമുതൽ 15 വരെ ഓൺലൈനായി പ്രവർത്തിക്കും. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം കൂടിയെങ്കിലും സ്കൂളുകൾ ഉടൻ അടയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുംബൈയിൽ രോഗസ്ഥിരീകരണ നിരക്ക് 8.48 ശതമാനമായി.
ആർ വാല്യൂ ഉയരുന്നു
വൈറസ് വ്യാപനത്തോത് വിലയിരുത്തുന്ന ആർ വാല്യൂ 1.22 ശതമാനത്തിലെത്തിയതായി ഐസിഎംആർ ഡിജി ബൽറാം ഭാർഗവ പറഞ്ഞു. കേസുകൾ കൂടുകയാണ്. കുറയുകയല്ല. നിലവിലെ ചികിത്സാ മാനദണ്ഡങ്ങൾ തുടരും. വാക്സിൻ എടുക്കാത്തവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കാകും ആശുപത്രി ചികിത്സ. മറ്റുള്ളവർ ഗുരുതര ലക്ഷണങ്ങളില്ലെങ്കിൽ വീടുകളിൽ ചികിത്സയിൽ കഴിഞ്ഞാൽ മതിയാകും. കോവിഡ് വന്നവർക്ക് ഒമ്പതുമാസംവരെയാണ് പ്രതിരോധശേഷി–- ഭാർഗവ പറഞ്ഞു.