ന്യൂഡൽഹി
സിൽവർലൈൻ പദ്ധതി എന്തെന്ന് മനസ്സിലാക്കാതെയുള്ള രാഷ്ട്രീയഎതിർപ്പാണ് പ്രതിപക്ഷം ഉയർത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നതാണ് അവരുടെ പ്രശ്നം. പരിസ്ഥിതിക്ക് ദോഷം വരാതെ ഡിപിആർ അനുസൃതമായാണ് മുന്നോട്ടുപോകുക. എല്ലാ സംശയവും ദൂരീകരിക്കും. ആർക്കും എതിർപ്പില്ലാത്ത വിധം പദ്ധതി തയ്യാറാക്കുന്ന നടപടിയിലേക്ക് വൈകാതെ കടക്കും. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ ചലനം സൃഷ്ടിക്കുന്നതാണിത്. കോവിഡ് പ്രതിസന്ധിയുടെയും മറ്റും സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥയിൽ ഉണർവ് സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അതിന് പശ്ചാത്തലസൗകര്യ മേഖലയിൽ കൂടുതൽ മുതൽമുടക്ക് വേണം. പദ്ധതിക്ക് സർക്കാരിന് കുറഞ്ഞ മുതൽമുടക്ക് മാത്രമാണ്. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പയിലൂടെയാണ് പണം കണ്ടെത്തുക. മുംബൈ–- അഹമദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയോട് എതിർപ്പ് ഉയർന്നിട്ടുള്ളത് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ്. വലിയതോതിൽ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനോടാണ് വിയോജിപ്പ് ഉയർന്നിട്ടുള്ളത്–- ബാലഗോപാൽ പറഞ്ഞു.