ന്യൂഡൽഹി
കേന്ദ്ര സർക്കാർ അടിയന്തര ഉപയോഗാനുമതി നൽകിയ രണ്ട് കോവിഡ് വാക്സിനും മികച്ച ഫലപ്രാപ്തി. ഹൈദരാബാദിലെ ബയോളജിക്കൽ ഇ തദ്ദേശീയമായി വികസിപ്പിച്ച കൊർബെ വാക്സിന് 80 ശതമാനവും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്സിൻ 90 ശതമാനവുമാണ് പരീക്ഷണഘട്ടത്തിൽ കണ്ടെത്തിയ ഫലപ്രാപ്തി. കൊവൊവാക്സ് 21 ദിവസത്തെ ഇടവേളയിലും കൊർബെ വാക്സ് 28 ദിവസത്തെ ഇടവേളയിലുമാണ് കുത്തിവയ്ച്ചത്. രണ്ടെണ്ണവും പ്രോട്ടീൻ സബ്യൂണിറ്റ് വാക്സിനുകളാണ്. സ്പൈക്ക് പ്രോട്ടീനാണ് കുത്തിവയ്ക്കുക. അത് ആന്റിബോഡികളെ ഉൽപ്പാദിപ്പിക്കും. റീകോമ്പിനന്റ് നാനോ പാർട്ടിക്കിൾ സാങ്കേതികതയിൽ അധിഷ്ഠിതമായ വാക്സിനാണ് കൊവോവാക്സ്. ചെറുജീവികളുടെ കോശങ്ങളിൽ സ്പൈക്ക് പ്രോട്ടീന്റെ നിരുപദ്രവകരമായ പകർപ്പുകൾ വളർത്തിയശേഷം പ്രോട്ടീനെ വേർതിരിച്ച് വൈറസിന് സമാനമായ നാനോ പാർട്ടിക്കിളുകളാക്കി മാറ്റും.
എച്ച്പിവി, ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകളിലും ഇതേ സാങ്കേതികതയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഡിസംബർ 20ന് കൊവോവാക്സിന് ലഭിച്ചിരുന്നു.