സെഞ്ചുറിയൻ
മഴഭീഷണിയും ക്യാപ്റ്റൻ ഡീൻ എൽഗറെയും മറികടന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയംപിടിക്കാൻ ഇന്ത്യ. അവസാനദിനമായ ഇന്ന് ആറ് വിക്കറ്റെടുത്താൽ വിരാട് കോഹ്ലിക്കും സംഘത്തിനും ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാം. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ 211 റൺ വേണം. സെഞ്ചുറിയനിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരറ്റത്ത് വിക്കറ്റുകൾ വീണെങ്കിലും 122 പന്തിൽ 52 റണ്ണുമായി ക്രീസിലുറച്ച എൽഗറിലാണ് ദക്ഷിണാഫ്രിക്കൻ പ്രതീക്ഷ. പേസർമാർക്ക് പിന്തുണ നൽകുന്ന പിച്ചിൽ തുടക്കത്തിലെ ആനുകൂല്യം മുതലെടുക്കാനാകും ഇന്ത്യയുടെ ശ്രമം.
സ്കോർ: ഇന്ത്യ 327, 174 ദ. ആഫ്രിക്ക 197, 4–-94.
രണ്ടാം ഇന്നിങ്സിൽ 1–-16 എന്ന നിലയിൽ നാലാംദിനം തുടങ്ങിയ ഇന്ത്യക്ക് പിഴച്ചു. കഗീസോ റബാദയുടെയും മാർകോ ജാൻസന്റെയും പന്തുകൾ ബാറ്റർമാരെ വിഷമിപ്പിച്ചു. ഇരുവർക്കും നാല് വിക്കറ്റുണ്ട്. ഋഷഭ് പന്താണ് (34) ഇന്ത്യയുടെ ടോപ്സ്കോറർ. ക്യാപ്റ്റൻ കോഹ്ലി (18), അജിൻക്യ രഹാനെ (20), ചേതേശ്വർ പൂജാര (16) എന്നിവർ പരാജയമായി. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു ഈ പ്രധാന ബാറ്റർമാർ.
305 റണ്ണിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കരുതലോടെ ബാറ്റ് വീശാനായില്ല. സ്കോർ ബോർഡിൽ ഒരു റൺ കൂട്ടിച്ചേർക്കുമ്പോഴേക്കും ഐയ്ദെൻ മാർക്രത്തെ (1) മുഹമ്മദ് ഷമി പറഞ്ഞയച്ചു. പിടിച്ചുനിൽക്കാൻ ശ്രമിച്ച കീഗൻ പീറ്റേഴ്സണെ (1) മുഹമ്മദ് സിറാജും മടക്കി. റാസി വാൻഡെർ ദുസെനൊപ്പം (65 പന്തിൽ 11) നഷ്ടങ്ങളൊന്നുമില്ലാതെ എൽഗർ നാലാംദിനം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് തകർത്തു. നാലോവർ ശേഷിക്കെ വാൻഡെർ ദുസെനെയും രാത്രി കാവൽക്കാരൻ കേശവ് മഹാരാജിനെയും (8) പുറത്താക്കി ബുമ്ര ഇന്ത്യക്ക് സന്തോഷം നൽകി.
ഏഴ് ബൗണ്ടറി ഉൾപ്പെടെയാണ് എൽഗറുടെ അരസെഞ്ചുറി. ക്യാപ്റ്റനൊപ്പം ബാറ്റേന്താനുള്ള ടെംബ ബവുമ, ക്വിന്റൺ ഡി കോക്ക് എന്നിവരിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.