ന്യൂഡൽഹി
നീറ്റ് പിജി കൗൺസലിങ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ് ഡോക്ടർമാർ നടത്തുന്ന സമരം തുടരും. കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. കൗൺസലിങ് ഉടൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം, ഡോക്ടർമാരെ കൈയേറ്റം ചെയ്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണം, കേസ് പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (എഫ്ഒആർഡിഎ) ഉന്നയിക്കുന്നത്. ഒമിക്രോൺ സാഹചര്യത്തിൽ സമരം ആശങ്ക കൂട്ടുന്നതാണ്. പല ആശുപത്രിയും പ്രതിസന്ധിയിലായി. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി, ഹംദർദ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ഡോക്ടർമാർ ബുധനാഴ്ച സമരത്തിൽ പങ്കെടുത്തു. സഫ്ദർജങ് ആശുപത്രിയിൽ ഒപി സേവനം തടസ്സപ്പെട്ടു. ഡോക്ടർമാരെ കൈയേറ്റം ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചിലർ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.
വാർഷിക വരുമാനപരിധി: റിപ്പോർട്ട് നൽകും
നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗങ്ങൾക്ക് സംവരണം അനുവദിക്കാനുള്ള വാർഷികവരുമാനപരിധി മാനദണ്ഡം പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സമിതി ഈ ആഴ്ച സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംവരണം അനുവദിക്കാൻ വാർഷികവരുമാനപരിധി എട്ട് ലക്ഷമായി നിശ്ചയിച്ച സർക്കാർ തീരുമാനത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മാനദണ്ഡം പരിശോധിക്കാൻ സർക്കാർ സമിതി രൂപീകരിച്ചത്. സംവരണം ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ കൗൺസലിങ് നടത്തില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.