ജറുസലേം
പലസ്തീനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് അംഗീകാരം നൽകിയതായി ഇസ്രയേൽ. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. പ്രതിരോധ മന്ത്രിയുടെ ടെൽ അവീവിലെ സ്വകാര്യ വസതിയില്‍ ചൊവ്വ രാത്രിയാണ് അസാധാരണ കൂടിക്കാഴ്ച നടന്നത്. 2010നു ശേഷം ഇസ്രയേലിൽ എത്തി ഒരു സര്‍ക്കാര്‍ പ്രതിനിധിയെ അബ്ബാസ് സന്ദര്‍ശിക്കുന്നത് ഇതാദ്യം.
കൂടിക്കാഴ്ചയ്ക്കു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കില്‍നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ വിലമതിക്കുന്ന നികുതിപ്പണം പലസ്തീൻ അതോറിറ്റിക്ക് കൈമാറുക, പലസ്തീൻ വ്യാപാരികൾക്കും വിഐപികൾക്കും വിവിധ പെർമിറ്റുകൾക്ക് അംഗീകാരം നൽകുക, വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ആയിരക്കണക്കിന് പലസ്തീനികളുടെ താമസപദവി അംഗീകരിക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾക്ക് ബെന്നി ഗാന്റ്സ് അംഗീകാരം നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
1990കളിൽ ഒപ്പുവച്ച ഇടക്കാല സമാധാന ഉടമ്പടികളുടെ ഭാഗമായി വെസ്റ്റ്ബാങ്കിലെ ചില മേഖലയില്‍നിന്ന് ഇസ്രയേലാണ് നികുതി ശേഖരിക്കുന്നത്. ഇത് പിന്നീട് പലസ്തീന് അതോറിറ്റിക്ക് കൈമാറേണ്ടതുണ്ട്. എന്നാൽ, ഇസ്രയേലുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ തടവിലാക്കപ്പെടുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് ധനസഹായത്തിനായി പലസ്തീന് അതോറിറ്റി ഈ പണം ചെലവഴിക്കുന്നുവെന്ന പേരിൽ നിലവിൽ ഇസ്രയേൽ ഇത് തടഞ്ഞുവച്ചിരിക്കുകയാണ്.
ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പലസ്തീന്റെ രാഷ്ട്രപദവിക്കായുള്ള ആവശ്യത്തിന് എതിരാണ്. സമാധാന ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹത്തിന്റെ സർക്കാർ താൽപ്പര്യം കാണിക്കുന്നില്ല. സമീപ മാസങ്ങളിൽ വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഇസ്രയേൽ കുടിയേറ്റക്കാരും സൈന്യവും നടത്തുന്ന ആക്രമണം വർധിച്ചിട്ടുണ്ട്.